ന്യൂഡല്‍ഹി: വഖഫ് വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹം മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ) യോഗത്തില്‍ ക്രിസ്ത്യന്‍ എംപിമാര്‍. വഖഫ് വിഷയം ഭരണഘടന ഉറപ്പുനല‍്കുന്ന ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികള്‍ തത്വാധിഷ്ഠതമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും എംപിമാര്‍ ആവശ്യപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 20ഓളം എംപിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സിബിസിഐ എംപിമാരുടെ യോഗം വിളിച്ചുകൂട്ടിയത്.
യോഗത്തില്‍ പങ്കെടുത്ത എംപിമാരില്‍ ഭൂരിഭാഗവും പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്ന് ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുത്തു. ടിഎംസി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറക് ഒബ്രിയാന്‍, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവരും യോഗത്തിനെത്തി. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിബിസിഐ ഇത്തരമൊരു യോഗം വിളിച്ചുകൂട്ടുന്നത്. സമുദായത്തെയും അതിന്റെ അവകാശങ്ങളെയും പിന്തുണക്കുന്നതിലും സംരക്ഷിക്കുന്നതിലും ക്രിസ്ത്യന്‍ എംപിമാരുടെ പങ്ക്, ന്യൂപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട.
വഖഫ് വിഷയത്തോടൊപ്പം ലോക്‌സഭയിലേയും 10 സംസ്ഥാന അസംബ്ലികളിലേയും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്‍റെ സീറ്റ് നിര്‍ത്തലാക്കുന്ന വിഷയവും യോഗത്തില്‍ ഉയര്‍ന്നു വന്നു. ക്രിസ്ത്യന്‍ സംഘടനകളുടെ വിദേശ സംഭാവനാ ലൈസന്‍സ് ഈയടുത്ത് റദ്ദാക്കിയ വിഷയവും യോഗത്തില്‍ ചര്‍ച്ചയായി.
2014 മുതല്‍ സഭാ നേതൃത്വം സര്‍ക്കാരുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്ന രീതിയെ എംപിമാര്‍ നിശിതമായി വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വിജയവും യോഗത്തില്‍ ചര്‍ച്ചയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates