ന്യൂഡൽഹി: ആന്റമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനത്തിനു മറുപടിയുമായി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി ആന്റമാനിലെ തദ്ദേശീയ ആദിവാസി സമൂഹത്തെ കുടിയൊഴിപ്പിക്കില്ലെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. വിശദമായ പഠനത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതി രാജ്യ സുരക്ഷയ്ക്കു നിർണായകവും പ്രതിരോധ- നയതന്ത്ര പ്രാധാന്യമേറിയതുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
81,000 കോടി രൂപയുടെ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ലക്ഷക്കണക്കിനു വൃക്ഷങ്ങൾ വെട്ടിമാറ്റി മഴക്കാടുകൾ ഇല്ലാതാക്കുകയാണെന്നും പ്രകൃതിക്കും ആദിവാസി പാരമ്പര്യത്തിനും നേർക്കുള്ള ഗുരുതര കുറ്റകൃത്യമാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന്റമാൻ സന്ദർശിച്ചാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.
എന്നാൽ, ആന്റമാൻ തീരത്തിനുള്ള നേട്ടമുപയോഗപ്പെടുത്തി തുറമുഖം വികസിപ്പിക്കുക വഴി ഇന്ത്യയെ സുപ്രധാന സാമ്പത്തിക- നയതന്ത്ര ഹബാക്കുന്ന പദ്ധതിയാണെന്നു കേന്ദ്രം പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ വാണിജ്യ- സൈനിക സ്വാധീനം ശക്തമാക്കുകയെന്ന ചൈനയുടെ തന്ത്രത്തെ നേരിടാൻ പദ്ധതി സഹായിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ വിദേശ ശക്തികളുടെ സാന്നിധ്യത്തെ ചെറുക്കാനും മാരി ടൈം പാതകളുടെ സുരക്ഷയുറപ്പാക്കാനുമാകുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ദ്വീപ് സമൂഹത്തിന്റെ രണ്ട് ശതമാനമായ 166.1 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പദ്ധതിക്കായി വേണ്ടത്. 1.82 ശതമാനം മാത്രം വരുന്ന 130.75 ചതുരശ്ര കിലോമീറ്ററാണ് വനഭൂമിയാണ് വകമാറ്റേണ്ടത്. ഇതിൽ 49.86 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വരുന്ന 7.11 ലക്ഷം മരങ്ങൾ മുറിച്ചു മാറ്റണം. മൊത്തം 18.65 ലക്ഷം മരങ്ങളാണുള്ളത്. മരങ്ങൾ മൂന്ന് ഘട്ടങ്ങളിലായാണ് മുറിച്ചു മാറ്റുന്നത്. ആദ്യ ഘട്ടമായ 2025- 2035 കാലഘട്ടത്തിൽ 2.79 ലക്ഷം മരങ്ങളാണ് മുറിക്കുന്നത്.
75 ശതമാനം വനാവരണമുള്ള സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ വനഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ പകരം വനവത്കരണം ഭൂമി ലഭ്യമായ മറ്റേതെങ്കിലും സംസ്ഥാനത്ത് നടത്തിയാൽ മതിയെന്ന 2019ലെ വിജ്ഞാപനപ്രകാരം ആന്റമാനിൽ ഏറ്റെടുക്കുന്ന വന ഭൂമിയ്ക്കു പകരം 17,000 ഹെക്ടർ ഹരിയാനയിലും 6320.10 ഹെക്ടർ ഭൂമി മധ്യപ്രദേശിലും വനവത്കരണത്തിനായി കണ്ടെത്തി. പ്രദേശത്തെ അതിദുർബല ഗോത്ര വിഭാഗത്തിൽപ്പെട്ട ഷോംപെൻ സമുദായത്തെ പദ്ധതി ദോഷകരമായി ബാധിക്കില്ലെന്നും കേന്ദ്രം വിശദീകരിച്ചു.
166.1 ചതുരശ്ര കിലോമീറ്ററിൽ 84.1 ചതുരശ്ര കിലോമീറ്റർ ട്രൈബൽ റിസർവാണ്. ഇതിൽ 11.032 ചതുരശ്ര കിലോമീറ്ററിലാണ് ആദിവാസി റവന്യു ഭൂമി. പദ്ധതിക്കായി വിനിയോഗിക്കുന്നത് 73.07 ചതുരശ്ര കിലോമീറ്റർ. ഇതേറ്റെടുക്കുമ്പോൾ പകരമായി 76.98 ചതുരശ്ര കിലോമീറ്റർ ഭൂമി ട്രൈബൽ റിസർവായി പുനർവിജ്ഞാപനം ചെയ്യുമെന്നും വിശദീകരണത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates