ന്യൂഡൽഹി: ഇന്ത്യയുടെ ഭാവി ഇന്ധന സുരക്ഷ ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾ ചെന്നെത്തി നിൽക്കുന്നത് രാജ്യത്ത് ഏറ്റവും സുലഭമായി ലഭിക്കുന്ന ഒരു കാർഷിക അവശിഷ്ടത്തിലാണ് - ചാണകം. ചാണകം വെറുതെ ജീർണ്ണിച്ചു പോകാൻ അനുവദിക്കാതെ, അതിനെ കാറുകളും ഓട്ടോറിക്ഷകളും ഓടിക്കാനുള്ള കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ആക്കി മാറ്റുന്ന വൻകിട പദ്ധതിക്ക് വാഹന ഭീമന്മാരായ സുസുക്കി തുടക്കം കുറിച്ചു കഴിഞ്ഞു. വിദേശത്തുനിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാനും ഒപ്പം കാർഷിക അവശിഷ്ടങ്ങളെ സമ്പത്താക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇന്ത്യയുടെ ഊർജ്ജ രംഗത്ത് വലിയ വിപ്ലവത്തിനാണ് തിരികൊളുത്തുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള 1000 പുതിയ ബയോ-സിഎൻജി പ്ലാന്റുകൾ സ്ഥാപിക്കാൻ ഇന്ത്യയും ജപ്പാനും തമ്മിൽ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു.
ഗുജറാത്തിൽ പ്രവർത്തിക്കുന്ന 'ബനാസ് സുസുക്കി ബയോ-സിഎൻജി' പ്ലാന്റ് പ്രതിദിനം ഏകദേശം 88 ടൺ ചാണകമാണ് സംസ്കരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡയറി കോഓപ്പറേറ്റീവുകളിൽ ഒന്നായ ബനാസ് ഡയറിയും സുസുക്കിയും സംയുക്തമായാണ് ഈ സംരംഭം നടത്തുന്നത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജ ഇന്ധനം കിലോഗ്രാമിന് വെറും 80 രൂപയ്ക്കാണ് ($0.93) വിൽക്കുന്നത്. ഇത് ഇന്ത്യയിലെ പല നഗരങ്ങളിലെയും പെട്രോൾ വിലയേക്കാൾ 20 രൂപയോളം കുറവാണ്.മേഖലയിലെ 16 ഗ്രാമങ്ങളിലെ കർഷകരാണ് ഈ പ്ലാന്റിലേക്ക് ചാണകം എത്തിച്ചു നൽകുന്നത്. ഒരു കിലോയ്ക്ക് ഒരു രൂപ വീതം കർഷകർക്ക് ഇതിലൂടെ അധിക വരുമാനം ലഭിക്കുന്നുണ്ട്. പ്രതിദിനം 600 മുതൽ 700 വരെ വാഹനങ്ങളാണ് ഈ പ്ലാന്റിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തുന്നത്. ഗ്യാസ് നിർമ്മാണത്തിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങൾ മികച്ച ജൈവവളമാക്കി മാറ്റി കർഷകർക്ക് തന്നെ തിരികെ നൽകുകയും ചെയ്യുന്നു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആഭ്യന്തര സംഘർഷങ്ങളും യുദ്ധപ്രതിസന്ധികളും ആഗോള ഇന്ധന വിപണിയെ ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ അടിയന്തര നീക്കം ആരംഭിച്ചത്. ഇന്ധന വിതരണക്കാർ കൂടുതൽ സിഎൻജി ഉൽപ്പാദിപ്പിക്കുന്നത് വരെ കാത്തുനിൽക്കാതെ, സ്വന്തമായി ഒരു ഇന്ധന ആവസവ്യവസ്ഥ നിർമ്മിച്ചെടുക്കാനാണ് സുസുക്കി ശ്രമിക്കുന്നത്. മുൻപ് ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി രാജ്യാന്തര തലത്തിൽ 'സൂപ്പർചാർജർ നെറ്റ്‌വർക്ക്' സ്ഥാപിച്ചതിന് സമാനമായ വിപ്ലവകരമായ നീക്കമാണിത്.
ബയോ ഗ്യാസ് ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇവർക്ക് ഉയർന്ന സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എങ്കിലും, രാജ്യത്തുടനീളം 1000 പുതിയ പ്ലാന്റുകൾ സ്ഥാപിക്കുക എന്നത് അത്ര എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ബയോ ഗ്യാസ് ഉൽപ്പാദനം രാജ്യത്തെ ആകെ ആവശ്യകതയുടെ ചെറിയൊരു ശതമാനം മാത്രമാണ്. ചാണകം ശേഖരിക്കാനുള്ള ശൃംഖല, വൻകിട സംസ്കരണ പ്ലാന്റുകൾ, വിതരണ സംവിധാനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമായി വരും. എന്നിരുന്നാലും, ഈ വെല്ലുവിളികളെ മറികടക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ ഗതാഗത മേഖലയുടെ ഭാവി മാറ്റിയെഴുതാൻ ചാണകത്തിന് സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates