ചെന്നൈ: കരൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു കാരണം പൊലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം ആദ്യമായി കരൂരിലെത്തിയ വിജയ് പ്രതിപക്ഷമായ ഡിഎംകെക്കെതിരെയും പൊലീസിനെതിരെയും കടുത്ത വിമര്‍ശനങ്ങളുന്നയിച്ചു.
കരൂര്‍ ദുരന്തം തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നുവെന്നും ആ ഓര്‍മകള്‍ ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും പൊതുസമ്മേളനത്തില്‍ വിജയ് പറഞ്ഞു. ദുരന്തം നടന്ന ദിവസം പൊലീസ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ യോഗം റദ്ദാക്കാനോ എന്റെ വാഹനം തടയാനോ പൊലീസിന് അധികാരമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അതിന് മുതിര്‍ന്നില്ല. റാലിയിലേക്ക് എന്നെ വഴിതിരിച്ചുവിടുകയാണ് ചെയ്തതെന്നും വിജയ് പറഞ്ഞു.
സ്വന്തം അണികളുടെ മരണത്തില്‍ വീട്ടില്‍ തകര്‍ന്നിരുന്നപ്പോള്‍ താന്‍ ഒളിച്ചോടിയെന്ന് പറഞ്ഞ് അവര്‍ പരിഹസിച്ചു. എന്നാല്‍ ഈ ആള്‍ക്കൂട്ട ദുരന്തം തമിഴക വെട്രി കഴകത്തിന്റെ വിജയയാത്ര തടയാന്‍ അന്നത്തെ ഭരണകൂടവും പൊലീസും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും വിജയ് ആരോപിച്ചു. നിയമസഭയില്‍ പോലും സ്റ്റാലിന്‍ ഇതിനെച്ചൊല്ലി രാഷ്ട്രീയം കളിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ അഴിമതി ഭരണം നടത്തിയ ഡിഎംകെയെ ജനങ്ങള്‍ വരും തെരഞ്ഞെടുപ്പുകളിലും പാഠം പഠിപ്പിക്കണമെന്നും വിജയ് അണികളോട് പറഞ്ഞു. കരൂരിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡിഎംകെ നല്‍കിയ ഹര്‍ജികള്‍ കോടതികള്‍ തള്ളിയിരുന്നു. സര്‍ക്കാരിന്റെ ആശ്വാസ നടപടി, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നായിരുന്നു ഡിഎംകെയുടെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates