ചെന്നൈ: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സംഭാവന നല്‍കി സമൂഹ മുന്നേറ്റത്തിന് മാതൃകയായ തമിഴ് നാട്ടിലെ 12 സ്ത്രീ രത്നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ആദരം. ചെന്നൈയിലെ ഐടിസി ഗ്രാന്‍ഡ് ചോളയില്‍ നടന്ന ചടങ്ങില്‍ ടാഫെ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
പരിസ്ഥിതി പ്രവര്‍ത്തക ജയശ്രീ വെങ്കടേശന്‍, തിയേറ്റര്‍ പ്രാക്ടീഷണര്‍ ആയിഷ റാവു, മ്യൂസിയോളജിസ്റ്റ് ഡെബോറ ത്യാഗരാജന്‍, ശിശുരോഗ വിദഗ്ധന്‍ ഡോ. സൗമ്യ സ്വാമിനാഥന്‍, മനോരോഗ വിദഗ്ധ ഡോ. താര ശ്രീനിവാസന്‍, അധ്യാപിക മേരി സൂസന്ന ടര്‍ക്കോട്ട്, ബാഡ്മിന്റണ്‍ താരം തുളസിമതി മുരുഗേശന്‍, ഓട്ടോ ഡ്രൈവര്‍ മോഹന സുന്ദരി, ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ സ്റ്റാഫ് നഴ്സ് ജി ശാന്തി, പര്‍വതാരോഹക മുത്തമില്‍സെല്‍വി നാരായണന്‍, നടി സുഹാസിനി, ഡിസൈനര്‍ വിനോ സുപ്രജ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ശ്രദ്ധനേടാത്ത യാഥാര്‍ഥ സ്ത്രീ ശക്തിയെയാണ് ദേവി അവാര്‍ഡ്‌സിലൂടെ ആദരിക്കുന്നതെന്ന് ലക്ഷ്മി മേനോന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 'ഇത് ശക്തിയുടെ നാടാണ്,' 'ദേവതകളില്‍ നിന്ന് മുത്തശ്ശിമാരിലേക്കും ക്ലാസ് മുറികളില്‍ നിന്ന്അധ്യാപകരിലേക്കും കൃഷിയിടങ്ങളില്‍ നിന്ന് ഫാക്ടറികളിലേക്കും ആ ശക്തി സഞ്ചരിച്ചു. എന്നാല്‍, യഥാര്‍ത്ഥ ശക്തി, ശ്രദ്ധ തേടുന്നില്ല. അത് സ്വയം പ്രഖ്യാപനങ്ങള്‍ക്ക് മുതിരുന്നില്ല, അത് ഫലങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. അവരുടെ യാത്രകളില്‍ വിജയം പല രൂപങ്ങളില്‍ വരും. 'നിശ്ചയദാര്‍ഢ്യം, ധൈര്യം, സത്യസന്ധത എന്നിവയാണ് ഇവരുടെ വിജയത്തിന്റെ അടിസ്ഥാനം. ഇതാണ് പുരസ്‌കാരം ഓര്‍മ്മപ്പെടുത്തുന്നതെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സിഇഒ ചൂണ്ടിക്കാട്ടി.
മൂലധനത്തിലേക്കുള്ള പ്രവേശനമാണ് സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ പ്രധാനമെന്ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത ശേഷം ചടങ്ങിനെ അഭിസംബോധന ചെയ്ത സംസാരിക്കവെ മല്ലിക ശ്രീനിവാസന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സംരംഭകത്വ ശേഷി കുറവല്ല, സ്വയം സഹായ സംഘങ്ങളുടെയും ഗ്രാമീണ സംരംഭങ്ങളുടെയും വിജയം ഇതിന് ഉദാഹരണമാണ്. എന്നാല്‍, മേഖല ഇനിയും വളരേണ്ടതുണ്ട്. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പിന്തുണ വര്‍ധിപ്പിക്കണം. കാതലായ മാറ്റത്തിന് സാമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറേണ്ടത് അത്യാവശ്യമാണെന്നും മല്ലിക ശ്രീനിവാസന്‍ പറഞ്ഞു.
ഇത്തവണത്തെ പുരസ്‌കാര ജേതാക്കളുടെ പട്ടികയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സ്ത്രീകളുടെ വൈവിധ്യം അടയാളപ്പെടുത്തുന്നതായിരുന്നു. തണ്ണീര്‍ത്തട സംരക്ഷണത്തിലെ അക്ഷീണ പ്രവര്‍ത്തനത്തിനായിരുന്നു പരിസ്ഥിതി പ്രവര്‍ത്തക ജയശ്രീ വെങ്കടേശന്‍ പുരസ്‌കാരം നേടിയത്. കലാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നാടക പ്രവര്‍ത്തകയായ ആയിഷ റാവു, ദക്ഷിണചിത്ര സ്ഥാപകയും മ്യൂസിയോളജിസ്റ്റുമായ ഡെബോറ ത്യാഗരാജന്‍ എന്നിവര്‍ പുരസ്‌കാരം നേടി.
പൊതുജനാരോഗ്യത്തിന് നല്‍കിയ ആഗോള സംഭാവനകള്‍ക്ക് പ്രശസ്ത ശിശുരോഗ വിദഗ്ദ്ധ ഡോ. സൗമ്യ സ്വാമിനാഥന്‍, മാനസികാരോഗ്യ സംരക്ഷണത്തിലെ പ്രവര്‍ത്തനത്തിന് സൈക്യാട്രിസ്റ്റ് ഡോ. താര ശ്രീനിവാസന്‍ എന്നിവര്‍ക്ക് അവാര്‍ഡ് ലഭിച്ചു. കോര്‍ട്ടിലും പുറത്തും മനക്കരുത്തും ദൃഢനിശ്ചയവുമായിരുന്നു ബാഡ്മിന്റണ്‍ പാരാലിമ്പിക് താരം തുളസിമതി മുരുകേശനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ സ്റ്റാഫ് നഴ്സാണ് ജി ശാന്തി. പൊതുഗതാഗത മേഖലയിലെ പുരുഷാധിപത്യത്തെ മറികടന്ന വ്യക്തിത്വം എന്ന നിലയില്‍ , ഓട്ടോ ഡ്രൈവറായ മോഹന സുന്ദരി പുരസ്‌കാരം നേടി. കൊടുമുടികള്‍ കീഴടക്കിയ പര്‍വതാരോഹക മുത്തമില്‍സെല്‍വി നാരായണനും ആദരിക്കപ്പെട്ടു. സിനിമ - സാംസ്‌കാരിക മേഖലയില്‍ സ്വാധീനം സുഹാസിനിയെ ദേവി ഓഫ് ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡിന് അര്‍ഹയാക്കി. ഡിസൈനര്‍ വിനോ സുപ്രജയ്ക്ക് ദേവി ഓഫ് സ്‌റ്റൈല്‍ അവാര്‍ഡും, സാമൂഹിക പ്രവര്‍ത്തക മേരി സുസന്ന ടര്‍കോട്ടിന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായതിനും അംഗീകാരം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates