ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണെയെ ഇന്ത്യയിലെത്തിച്ചത്, രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതിന് കാരണമായിട്ടുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തഹാവൂര്‍ റാണെയെ ചോദ്യം ചെയ്യാനായി പാര്‍പ്പിച്ച എന്‍ഐഎ ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ കസ്റ്റഡിയിലായിരുന്ന തഹാവൂര്‍ റാണെയെ ഈ മാസം പത്തിനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം ബൈസരണില്‍ നിന്ന് ഫോറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ആക്രമണം നടത്തിയ നാലു ഭീകരരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ പാകിസ്ഥാന്‍കാരും രണ്ടുപേര്‍ കശ്മീര്‍ സ്വദേശികളുമാണ്. ഹാഷിം മൂസ, അലി ഭായ് അഥവ തല്‍ഹ ഭായ് എന്നറിയപ്പെടുന്നയാളും പാകിസ്ഥാന്‍ കാരാണെന്ന് സ്ഥിരീകരിച്ചു. ഭീകരസംഘത്തിലുണ്ടായിരുന്ന ആദില്‍ ഹുസൈന്‍ തോക്കര്‍ അനന്തനാഗ് സ്വദേശിയും, അഹ്‌സാന്‍ പുല്‍വാമ സ്വദേശിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാഷിം മൂസയാണ് സംഘത്തെ നയിച്ചത്. ഇയാള്‍ മുമ്പും ഇന്ത്യയില്‍ ആക്രമണം നടത്തിയിരുന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താനായി പ്രദേശത്ത്വ്യാപക തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ പീര്‍പഞ്ചാല്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് സൈന്യം സംശയിക്കുന്നത്. സ്‌നിഫര്‍ ഡോഗ് ഉപയോഗിച്ചുള്ള തിരച്ചിലും ഹെലികോപ്റ്റര്‍, ഡ്രോണ്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. ഭീകരരോട് അനുകമ്പ പുലര്‍ത്തുന്ന 1500 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതിനിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ ദേക, റോ മേധാവി രവി സിന്‍ഹ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates