ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തീരുമാനം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു. വനിതാ സംവരണ ബില്ലിന് രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ടെന്നും നിങ്ങളുടെ സ്വപ്‌നങ്ങള്‍ പുതിയ ചിറകുലഭിക്കാന്‍ പോകുന്നുവെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന 'നാരി ശക്തി വന്ദന്‍ സമ്മേളനത്തെ' അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
സംസ്ഥാന നിയമസഭകള്‍ മുതല്‍ പാര്‍ലമെന്റ് വരെ നീളുന്ന പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അന്ത്യം കുറിക്കാനുള്ള സമയമാണിത്. ഏപ്രില്‍ 16, 17, 18 തീയതികളില്‍ പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടക്കുമെന്നും മോദി പറഞ്ഞു. സാമൂഹിക നീതി വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ പ്രവര്‍ത്തന സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം ഭൂതകാല ദര്‍ശനങ്ങളെ യാഥാര്‍ത്ഥ്യമാക്കുമെന്നും സാമൂഹിക നീതിയെ ഭരണത്തിന്റെയും തീരുമാനമെടുക്കല്‍ പ്രക്രിയയുടെയും അവിഭാജ്യ ഘടകമാക്കുമെന്നും മോദി പറഞ്ഞു.
സ്ത്രീകള്‍ക്ക് സംവരണം നല്‍കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി രാജ്യം ചര്‍ച്ച ചെയ്യുന്നതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനായി അവരുടേതായ രീതിയില്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2029-ഓടെ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണെന്നും, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി എല്ലാ പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
'നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് എടുക്കുന്നതിന്റെ വക്കിലാണ് ഇന്ത്യ. ഈ തീരുമാനം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. സ്ത്രീശാക്തീകരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു തീരുമാനമാണിത്, സ്ത്രീത്വത്തിന്റെ ശക്തിക്കും ആദരവിനുമുള്ള അഞ്ജലിയാണിത്, ”അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates