കൊച്ചി: ചരിത്ര സ്മാരകമായ ചെങ്കോട്ട അഞ്ച് വര്‍ഷത്തേക്ക് ഡാല്‍മിയ ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയ കേന്ദ്ര സര്‍ക്കാരിനെതിരെ എംബി രാജേഷ് എംപിയുടെ വിമര്‍ശനം. 25 കോടിക്ക് ഡാല്‍മിയ ചെങ്കോട്ട കൈവശപ്പെടുത്തുമ്പോള്‍ നാടിന്റെ അഭിമാനവും പൈതൃകവും വിറ്റ് എത്ര ശതം കോടികള്‍ കൊള്ളലാഭമുണ്ടാക്കുമെന്ന് അറിയുക. അടുത്ത സ്വാതന്ത്ര്യ പുലരി മുതല്‍ ചെങ്കോട്ടയില്‍ ദേശീയ പതാക കോര്‍പ്പറേറ്റ് തണലില്‍ ഉയരും. ദേശാഭിമാനികളാകെ ഒന്നിച്ചെതിര്‍ക്കേണ്ട മാപ്പര്‍ഹിക്കാത്തൊരു പണയപ്പെടുത്തലാണിത്. രാജേഷ് ഫെയേസേബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ചെങ്കോട്ട ഒരു നെടുങ്കോട്ടയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ അഭിവാഞ്ചയുടെയും മതനിരപേക്ഷമായ ജനകീയ ഐക്യത്തിന്റേയും നെടുങ്കോട്ട. അത് നമ്മുടെ നാടിന്റെ പൈതൃക സ്മാരകവുമാണ്.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാരെ തോല്‍പ്പിച്ച ശേഷം ദില്ലിയില്‍ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ട ബഹദൂര്‍ ഷാ സഫര്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള നാടിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിജ്ഞാപനം വായിച്ചത് ഈ ചെങ്കോട്ടയില്‍ നിന്നാണ്. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയും നാനാ സാഹിബും താന്‍ തിയാതോപ്പിയുമടക്കമുള്ള 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര നേതാക്കള്‍ ദില്ലി പിടിച്ചപ്പോള്‍ ചക്രവര്‍ത്തിയായി അവരോധിച്ചത് മുഗള്‍ സാമ്രാജ്യത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ ഷാ സഫറിനെയായിരുന്നു. മതപരവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ ആ പോരാളികളെ ഭരിച്ചില്ലെന്നു സാരം. ഒടുവില്‍ തിരിച്ചടിച്ച ബ്രിട്ടീഷ് സൈന്യം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുകയും സമരനേതാക്കളെ പലരെയും വധിക്കുകയും ബഹദൂര്‍ ഷാ സഫറിനെ ഇതേ ചെങ്കോട്ടയില്‍ വച്ച് വിചാരണ ചെയ്ത് ബര്‍മ്മയിലേക്ക് നാടുകടത്തുകയും ചെയ്തു. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഈ മതനിരപേക്ഷ ജനകീയ ഐക്യമാണ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തെ ആശ്രയിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്.(തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബംഗാള്‍ വിഭജനവും സര്‍വ്വേന്ത്യാ മുസ്ലീം ലീഗ് ഹിന്ദുമഹാസഭ, ആര്‍.എസ്.എസ്. എന്നിവയുടെ രൂപീകരണവും ബ്രിട്ടീഷുകാരുടെ ആശീര്‍വാദത്തോടെ നടന്നു ) ഇന്ത്യയിലെ ജനങ്ങളുടെ ഐക്യത്തിന്റെ മഹാദുര്‍ഗ്ഗമായിരുന്ന ചെങ്കോട്ടയുടെ ഉടമസ്ഥാവകാശത്തില്‍ നിന്ന് ജനങ്ങള്‍ അന്യവത്ക്കരിക്കപ്പെടുകയാണ്.
ഇതേ ചെങ്കോട്ടയിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഉജ്വല അധ്യായമായ ഐ.എന്‍.എ ഭടന്മാരുടെ വിചാരണ നടക്കുന്നത്. അവര്‍ മൂന്നു പേരായിരുന്നു.പ്രേം കുമാര്‍ സൈഗാള്‍, ഗുരു ബക്ഷ്‌സിംഗ് ധില്ലന്‍, ഷാനവാസ് ഖാന്‍. മതനിരപേക്ഷ ജനകീയ ഐക്യത്തിന്റെ മറ്റൊരു ഉജ്വല പ്രതീകം! 1945 ലെ തണുപ്പ് കാലത്ത് ചെങ്കോട്ടയിലെ കല്‍തുറുങ്കിലടക്കപ്പെട്ട ഇവരെ കാണാന്‍ ഗാന്ധിജിയെത്തി. ഗാന്ധിജിയോട് അവര്‍ക്കുണ്ടായിരുന്ന പരാതി ഇതായിരുന്നു.'ഐ.എന്‍.എ.യില്‍ മതഭേദമില്ലാതെ സ്വാതന്ത്ര്യത്തിന്‌പൊരുതിയ തങ്ങള്‍ക്ക് ജയിലില്‍ ബ്രിട്ടീഷുകാര്‍ ഹിന്ദു ചായയും മുസ്ലിം ചായയും പ്രത്യേകമായി നല്‍കുന്നു. ഭിന്നിപ്പിക്കാനുള്ള കുടിലതയെ ഞങ്ങള്‍ ചെറുക്കുന്നത് മൂന്ന് ഗ്ലാസില്‍ പ്രത്യേകമായി നല്‍കുന്ന ചായ കൂട്ടിചേര്‍ത്ത് വീണ്ടും മൂന്നായി പങ്ക് വച്ചു കുടിച്ചാണ് ' ഗാന്ധിജി അവരെ അഭിനന്ദിച്ചാണ് മടങ്ങിയത്. അക്കാലത്ത് ഇന്ത്യയിലാകെ പതിനായിരങ്ങള്‍ തെരുവിലുയര്‍ത്തിയ മുദ്രാവാക്യം ഇതാണ്.
' ലാല്‍ കിലേ സേ ആയേ ആവാസ്
സൈഗാള്‍ ധില്ലന്‍ ഷാനവാസ് '
സ്വാതന്ത്ര്യ പോരാളികളുടെ ചോരക്ക് തീപിടിപ്പിച്ച മുദ്രാവാക്യം.
ചെങ്കോട്ടയുടെ നിറം ചുവപ്പായത് മാത്രമല്ല, ജനകീയ ഐക്യത്തിന്റെ മഹാപ്രതീകമെന്ന അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഭിന്നിപ്പിക്കലിന്റെ കുടില തന്ത്രങ്ങള്‍ ഇന്നും പ്രയോഗിക്കുന്നവര്‍ക്ക് അലോസരമാകുമെന്നുറപ്പ്. എല്ലാ സ്വാതന്ത്ര്യ പുലരിയിലും പ്രധാന മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ട പോലും 'സംരക്ഷിക്കാന്‍ കോര്‍പ്പറേറ്റ് സഹായം തേടുന്ന ' കേന്ദ്ര ഭരണാധികാരികള്‍ എങ്ങനെ ഇന്ത്യയെ രക്ഷിക്കും? 25 കോടിക്ക് ഡാല്‍മിയ ചെങ്കോട്ട കൈവശപ്പെടുത്തുമ്പോള്‍ നാടിന്റെ അഭിമാനവും പൈതൃകവും വിറ്റ് എത്ര ശതം കോടികള്‍ കൊള്ളലാഭമുണ്ടാക്കുമെന്ന് അറിയുക. അടുത്ത സ്വാതന്ത്ര്യ പുലരി മുതല്‍ ചെങ്കോട്ടയില്‍ ദേശീയ പതാക കോര്‍പ്പറേറ്റ് തണലില്‍ ഉയരും. ദേശാഭിമാനികളാകെ ഒന്നിച്ചെതിര്‍ക്കേണ്ട മാപ്പര്‍ഹിക്കാത്തൊരു പണയപ്പെടുത്തലാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates