ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ തള്ളിയത് അന്നത്തെ യുപിഎ സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമായിരുന്നുവെന്ന് മുന്‍രാഷട്രപതി പ്രണബ് മുഖര്‍ജി.
നിരവധി ഘട്ടങ്ങളിലൂടെ കടന്നാണ് ഒരു ദയാഹര്‍ജി അന്തിമതീരുമാനത്തിനായി രാഷ്ട്രപതിയുടെ മുന്നിലെത്തുന്നത്. രാഷ്ട്രപതി അതില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യും. ദയാഹര്‍ജി തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെങ്കില്‍ സ്വാഭാവികമായി അതിനെ പിന്തുണയ്ക്കുകയേ രാഷ്ട്രപതിക്ക് വകയുള്ളൂവെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി. പല വഴിയിലൂടെ കടന്നാണ് അന്തിമതീരുമാനമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നോ രണ്ടോ ഒഴിച്ചാല്‍ ബാക്കിയെല്ലാം തള്ളിയത് കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. വധശിക്ഷയെ വ്യക്തിപരമായി എതിര്‍ക്കുന്നില്ല. വധശിക്ഷ ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും അദ്ദേഹം പറഞ്ഞു.
2001 ഡിസംബര്‍ പതിമൂന്നിലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് അഫ്‌സര്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഡെല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ശരിവെച്ചിരുന്നു. കുടുംബാംഗങ്ങളുടെ ദയാഹര്‍ജി പരിഗണിച്ച് 2006 ഒക്ടോബര്‍ 20ന് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നത് രാഷ്ട്രപതി നിര്‍ത്തിവെച്ചിരുന്നു. 2013 ഒക്ടോബറില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ ഒക്ടോബര്‍ ഒന്‍പതിന് അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ചോദ്യം ചെയ്ത് നിരവധി പേരാണ് അന്ന് രംഗത്തെത്തിയിരുന്നത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates