ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്ക് എതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്. യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചും തീവ്രവാദികളെ നേരിടുന്നതു പോലെയുമാണ് ഉത്തര്‍പ്രദേശ് പൊലീസ് വിദ്യാര്‍ഥികളെ നേരിട്ടതെന്നുമാണ് റിപ്പോര്‍ട്ട്.
മുന്‍ ഐഎഎസ് ഓഫീസര്‍ ഹര്‍ഷ് മന്ദര്‍, പ്രെഫസര്‍ നന്ദിനി സുന്ദര്‍ എഴുത്തുകാരന്‍ നടാഷ ബദ്വാര്‍ എന്നിവരടക്കം 13 മനുഷ്യാവകാശ പ്രവര്‍ത്തര്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സംഭവ സമയത്ത് ക്യാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ദൃക്‌സാക്ഷികള്‍ എന്നിവരെ നേരില്‍ക്കണ്ട് സംസാരിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കടുത്ത മനുഷ്യാകാശ ലംഘനങ്ങള്‍ നടന്നുവെന്നും പൊലീസിന്റെ ക്രൂരമായ നടപടികളില്‍ നിന്ന് വിദ്യാര്‍ഥികളേയും മറ്റും സംരക്ഷിക്കുന്നതില്‍ നിന്ന് സര്‍വകലാശാലാ ഭരണകൂടം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ടിയര്‍ ഗ്യാസ് ഷെല്ലാണെന്ന് കരുതി പൊലീസ് എറിഞ്ഞ സ്റ്റണ്‍ ഗ്രനേഡ് എടുത്ത വിദ്യാര്‍ഥിക്ക് കൈ നഷ്ടപ്പെട്ടു. ജയ് ശ്രീറാം അടക്കമുള്ള മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത്. അവരുടെ വാഹനങ്ങളടക്കം അടിച്ച് തകര്‍ത്തു. വിദ്യാര്‍ഥികളെ തീവ്രവാദികളെന്നടക്കം ചില പൊലീസുകാര്‍ വിളിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. സര്‍വകലാശാല വൈസ് ചാന്‍സലറാണ് ക്യാമ്പസിലേക്ക് പൊലീസിനെ വിളിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്റ്റണ്‍ ഗ്രനേഡ് പൊലീസ് ഉപയോഗിച്ചെന്ന് അലീഗഢ് എസ്പി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates