മുംബൈ : മനുഷ്യാവകാശ പ്രവര്‍ത്തകരുട അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ്. അവര്‍ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും മഹാരാഷ്ട്ര പൊലീസ് എഡിജിപി പരംബീര്‍ സിങ് വ്യക്തമാക്കി. അറസ്റ്റിലായ എല്ലാവര്‍ക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ട്. കത്തുകളും സംഭാഷണങ്ങളും ഇതിനു തെളിവാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനും തെളിവുണ്ടെന്ന് എഡിജിപി പറഞ്ഞു.
അറസ്റ്റിലായവര്‍ കബീര്‍കാല മഞ്ചുമായി സഹകരിച്ചിരുന്നു. റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവരുമായുള്ള ആശയവിനിമയം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ രഹസ്യ പാസ് വേഡ് പൂനെ പൊലീസ് തകര്‍ക്കുകയായിരുന്നു. 'രാജീവ് ഗാന്ധി മോഡല്‍' ആക്രമണമാണ് ഇവര്‍ പദ്ധതിയിട്ടതെന്ന്, ഇവരില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകള്‍ വ്യക്തമാക്കുന്നതായും പരംബീര്‍ സിങ് അറിയിച്ചു. ഇതിനായി റോക്കറ്റ് ലോഞ്ചര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തി. സിപിഐ മാവോയിസ്റ്റുകളുമായി ഇതുമായി ബന്ധപ്പെട്ട് നടത്തിയ കത്തിടപാടുകളും രേഖകളും പൊലീസിന് ലഭിച്ചതായും എഡിജിപി പറഞ്ഞു. ഒരു തീവ്രവാദ സംഘടനയ്ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എഡിജിപി വ്യക്തമാക്കി.
ആയിരക്കണക്കിന് മിനുറ്റ്സുകൾ, മെയിലുകൾ, കത്തുകൾ, മറ്റു രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ‘മോദി രാജ്’ അവസാനിപ്പിക്കാൻ രാജീവ് ഗാന്ധി വധം പോലൊരു സംഭവത്തിനായി ഇവർ നിരവധി കത്തുകൾ കൈമാറി. ‘വലിയ നടപടി’ക്കുള്ള ഒരുക്കങ്ങളും കത്തിൽ പറഞ്ഞിരുന്നു’– പൊലീസ് വ്യക്തമാക്കി. 2017 ജൂലൈ 30ന് മാവോയിസ്റ്റ് നേതാവ് പ്രകാശിന് ഡൽഹിയിലെ ആക്ടിവിസ്റ്റ് റോണ വിൽസൺ എഴുതിയ കത്തിൽ ഗ്രനേഡ് ലോഞ്ചർ വാങ്ങുന്നതിന് എട്ടു കോടി രൂപ ആവശ്യമാണ് എന്ന് പറഞ്ഞിരുന്നതായും  എഡിജിപി വ്യക്തമാക്കി. 
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മഹാരാഷ്ട്ര പൊലീസ് അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കവി വരവരറാവു, ഗൗതം നാവലാഖ, സുധ ഭരദ്വാജ്, അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗൊണ്‍സാല്‍വസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂനെയില്‍ നടന്ന ദലിത് കൂട്ടായ്മയായ എല്‍ഗാര്‍ പരിഷത്തിനുശേഷം ഭീമ കൊറാഗാവില്‍ ആക്രമണമുണ്ടായി. അന്നു റജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ദലിത് കൂട്ടായ്മയെ പിന്തുണച്ചവരാണ് അറസ്റ്റിലായവര്‍. പൊലീസ് നടപടി ദേശീയ രാഷ്ട്രീയത്തില്‍ വന്‍വിവാദമാകുകയും ചെയ്തിരുന്നു.
അറസ്റ്റിലായവരെ വീട്ടില്‍ തടങ്കലില്‍ വച്ചാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി നിര്‍ദേശിച്ചു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ സുരക്ഷാ വാല്‍വാണെന്നും അത് അനുവദിച്ചില്ലെങ്കില്‍ പൊട്ടിത്തെറിയുണ്ടാകാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസ് അടുത്ത മാസം ആറിനു വീണ്ടും പരിഗണിക്കും. അതിനിടെ നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്‌റ്റെന്ന ആക്ഷേപത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates