ന്യൂഡല്‍ഹി : ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ മടക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ പരാതി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നൂറോളം അഭിഭാഷകരാണ് പരാതിയില്‍ ഒപ്പിട്ടു നല്‍കിയത്. കൊളീജിയം ശുപാര്‍ശയില്‍ വ്യത്യസ്ത നടപടി സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് കേന്ദ്രനടപടി സ്റ്റേ ചെയ്യണമെന്നും ഇന്ദിര ജയ്‌സിംഗ് പറഞ്ഞു.
എന്നാല്‍ ഇന്ദുമല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യുന്നത് ചിന്തിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കൊളീജിയം ശുപാര്‍ശയില്‍ വിവേചനപരമായി തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് അധികാരം ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നേരത്തെ കൊളീജിയം ശുപാര്‍ശ മടക്കിയ കേന്ദ്ര നടപടിക്കെതിരെ ബാര്‍ അസോസിയേഷന്‍ പ്രമേയം പാസ്സാക്കിയിരുന്നു.
 
ജനുവരി പത്തിനാണ്, സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങുന്ന കൊളീജിയം ജസ്റ്റിസ് കെ എം ജോസഫിനെയും ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കുന്നത്. യോഗ്യതയിലും കഴിവിലും ഒന്നാമന്‍ എന്ന വിലയിരുത്തലോടെയാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തിന് ശുപാര്‍ശ നല്‍കിയത്.
എന്നാല്‍ മൂന്നു മാസത്തിന് ശേഷം ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രം കേന്ദ്രനിയമമന്ത്രാലയം അംഗീകാരം നല്‍കുകയായിരുന്നു. കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ മടക്കുകയും ചെയ്തു. കെ എം ജോസഫിനെ കൂടി നിയമിക്കുന്നതോടെ സുപ്രീംകോടതിയില്‍ കേരളത്തില്‍ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം രണ്ടാകും. ഇത് പ്രാദേശിക സംതുലനം താളം തെറ്റിക്കും. മാത്രമല്ല രാജ്യത്തെ ചീഫ് ജസ്റ്റിസുമാരുടെ പട്ടികയില്‍ കെ എം ജോസഫ് 12-ാം സ്ഥാനത്താണ്. സീനിയോറിട്ടിയില്‍ രാജ്യത്തെ ജഡ്ജിമാരുടെ പട്ടികയില്‍ ജോസഫ് 45 -ാം സ്ഥാനത്താണെന്നും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയില്‍ സീനിയോറിട്ടി ലംഘിച്ചുള്ള നിയമനം ഏറെ നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എസ് സി എസ് ടി പ്രാതിനിധ്യം ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates