India

കോണ്‍ഗ്രസിന് പാര്‍ട്ടി ആസ്ഥാനം നഷ്ടമായേക്കും; ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടിക്കു കത്തു നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് രാജ്യതലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനം നഷ്ടമാവുന്നു. അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടിക്കു കത്തു നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. യൂത്ത് കോണ്‍ഗ്രസിന്റെയും സേവാദളിന്റെയും ഓഫിസുകളും ഒഴിപ്പിക്കാനും തീരുമാനമുണ്ട്.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൂന്നു കെട്ടിടങ്ങളില്‍നിന്ന് ഒഴിയാന്‍ കോണ്‍ഗ്രസിനോട് അടിയന്തരമായി ആവശ്യപ്പെടണമെന്നു നിര്‍ദേശിക്കുന്ന കുറിപ്പ് കേന്ദ്ര നഗരകാര്യ, ഹൗസിങ് മന്ത്രാലയം മന്ത്രിസഭാ സമിതിക്കു മുന്നില്‍ വച്ചു. സേവാദളിന്റെ ആസ്ഥാനമായ അക്ബര്‍ റോഡിലെ ഇരുപത്തിയാറാം നമ്പര്‍ കെട്ടിടം, യൂത്ത് കോണ്‍ഗ്രസിന്റെ ആസ്ഥാനമായ റൈസിന റോഡിലെ അഞ്ചാം നമ്പര്‍ കെട്ടിടം, പാര്‍ട്ടി കൈവശം വച്ചിരിക്കുന്ന ചാണക്യപുരിയിലെ കെട്ടിടം എന്നിവ അടിയന്തരമായി ഒഴിപ്പിക്കണമെന്നാണ് കുറിപ്പില്‍ പറയുന്നത്. അക്ബര്‍ റോഡിലെ ഇരുപത്തിനാലാം നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കും. 1976 മുതല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമാണ് അക്ബര്‍ റോഡിലെ കെട്ടിടം.

കുറിപ്പില്‍ പറയുന്ന നാലു കെട്ടിടങ്ങളും ഒഴിയണമെന്ന് ആവശ്യപ്പെട്ട് 2015 നവംബറില്‍ ഡയറക്ടറേറ്റ് ഒഫ് എസ്റ്റേറ്റ്‌സ് നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനങ്ങള്‍ മൂന്നു വര്‍ഷത്തിനകം സ്വന്തം കെട്ടിടത്തിലേക്കു മാറണമെന്നാണ് ചട്ടം. ഇതു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. 

കോണ്‍ഗ്രസിന് പാര്‍ട്ടി ആസ്ഥാനം നിര്‍മിക്കാന്‍ റൗസ് അവന്യൂവിലെ 9എ പ്ലോട്ടില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. 2010 ജൂണില്‍ സ്ഥലം അനുവദിച്ചതോടെ 2013 ജൂണില്‍ പാര്‍ട്ടി നിലവിലെ ആസ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ റൗസ് അവന്യൂവില്‍ കെട്ടിടനിര്‍മാണത്തിന് അനുമതി ലഭച്ചിില്ലെന്നു ചൂണ്ടിക്കാട്ടി പാര്‍ട്ടി കാലാവധി ദീര്‍ഘിപ്പിച്ചുവാങ്ങുകയായിരുന്നു. ഈ കാലാവധി ഒക്ടോബറില്‍ പൂര്‍ത്തിയാവും.

നഗരകാര്യ, ഹൗസിങ് മന്ത്രാലയത്തിന്റെ കുറിപ്പ് പരിഗണിക്കുന്ന മന്ത്രിസഭാ സമിതിയുടെ തീരുമാനം അനുസരിച്ചായിരിക്കും ബംഗ്ലാവുകള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടിലേക്കു നീങ്ങില്ലെന്നാണ് സൂചനകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

'റിയാസിനെ വിളിക്കണമെങ്കില്‍ നേരത്തേ പറയണമായിരുന്നു'; എന്‍എച്ച് ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി

യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകള്‍, നിലപാട് വ്യക്തമാക്കി ഇറാന്‍

പത്മകുമാർ പുറത്തേക്ക്?, സുധാകരൻ സ്വതന്ത്രനാകുമോ?, ഇറാനെതിരെ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT