India

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി സോണിയ ; വിവര ശേഖരണം തുടങ്ങി ; ഗ്രൂപ്പ് പോരില്‍ കടുത്ത നടപടി

കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി സോണിയ സംസ്ഥാന നേതാക്കളില്‍ നിന്നും വിവരശേഖരണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സംഘടനയില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി പ്രസിഡന്റ് സോണിയാഗാന്ധി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ട് സംഘടന തലത്തില്‍ വന്‍ അഴിച്ചുപണിക്കാണ് സോണിയ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടത്താനിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമാക്കാനാണ് സോണിയ പദ്ധതിയിടുന്നത്.

പാര്‍ട്ടിയോടുള്ള കൂറും വിധേയത്വവുമായിരിക്കും പദവികള്‍ നല്‍കുന്നതില്‍ മുഖ്യ മാനദണ്ഡമാക്കുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം വീണ്ടെടുക്കുന്നതിനാണ് സോണിയ മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് സംഘടനാപരമായി ശക്തമായിരുന്ന പല സംസ്ഥാനങ്ങളിലും നേതാക്കള്‍ പരസ്പരം പോരടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കണിശമായ തീരുമാനത്തിലേക്ക് സോണിയ പോകുന്നതായും സൂചനയുണ്ട്. 

കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി സോണിയ സംസ്ഥാന നേതാക്കളില്‍ നിന്നും വിവരശേഖരണം ആരംഭിച്ചു. 2004 മുതലുള്ള കോണ്‍ഗ്രസിന്റെ ലോക്‌സഭ, രാജ്യസഭ എംപിമാരുടെ പേരുവിവരങ്ങള്‍ സോണിയ ചോദിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നുണ്ട് എന്നു വ്യക്തമാക്കാനും സംസ്ഥാന നേതൃത്വങ്ങളോട് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. 

പാര്‍ട്ടി എംപിമാരുടെ മുഴുവന്‍ വിശദാംശങ്ങളും ഉടന്‍ ലഭ്യമാക്കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയോട് കൂറുള്ളതും അതേസമയം, പാര്‍ട്ടിക്ക് വേണ്ടി ഫണ്ട് കണ്ടെത്താന്‍ ശേഷിയുമുള്ള നേതാക്കളെ നിയമിക്കാനാണ് സോണിയ ലക്ഷ്യമിടുന്നത്. 

ഹരിയാനയില്‍ തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്ന് പിസിസി അധ്യക്ഷന്‍ അശോക് തന്‍വറിനെ മാറ്റി, കുമാരി ഷെല്‍ജയെ നിയമിച്ചിരുന്നു. അടുത്തു തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ നിയമിക്കുകയും ചെയ്തു. തന്‍വറിനെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കി നില്‍ക്കുകയായിരുന്നു ഹൂഡ. 

മഹാരാഷ്ട്രയില്‍ മിലിന്ദ് ദിയോറയ്ക്ക് പകരം മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഗെയ്ക്ക് വാദിനെ പിസിസി അധ്യക്ഷനായി നിയമിച്ചു. രാഹുലിന്റെ അടുത്തയാളായ ദിയോറയെ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്. പകരം ദിയോറയ്ക്ക് പാര്‍ട്ടിയില്‍ മികച്ച പദവി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മധ്യപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പുതിയ പിസിസി അധ്യക്ഷന്മാരെ ഉടന്‍ നിയമിച്ചേക്കും. കൂടാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തലത്തിലും വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT