ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഡല്‍ഹി സര്‍ക്കാര്‍ തുടക്കമിട്ട പ്ലാസ്മ ചികിത്സ ശ്രദ്ധേയമാകുന്നു. ഇതുവരെ ഡല്‍ഹിയില്‍ 710 കോവിഡ് രോഗികള്‍ക്കാണ് പ്ലാസ്മ ചികിത്സ നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആദ്യമായി പ്ലാസ്മ ബാങ്കുകള്‍ക്ക് രൂപം നല്‍കിയത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളായിരുന്നു. കെജരിവാളിന്റെ ഈ നീക്കം രോഗികള്‍ക്ക് ഏറെ അനുഗ്രഹമായി മാറുകയാണ്.
കോവിഡ് ശമനത്തിനായി പ്ലാസ്മ ബാങ്കിന്റെ സംവിധാനം നിര്‍ണായക ഘടകമാണെന്നും മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരുന്നതായും കെജരിവാള്‍ പറഞ്ഞു. 710 രോഗികള്‍ക്കാണ് ഇതുവരെ സൗജന്യമായി പ്ലാസ്മ ചികിത്സ നടത്തിയത്. 921 പേരാണ് പ്ലാസ്മ ദാനം നല്‍കിയത്. 171 എ ബ്ലഡ് ഗ്രൂപ്പ്, 180 ഓ ബ്ലഡ് ഗ്രൂപ്പ്, 269 ബി ബ്ലഡ് ഗ്രൂപ്പ് എന്നിവരില്‍പ്പെട്ടവര്‍ക്കാണ് ഇതുവരെ പ്ലാസ്മ ചികിത്സ നടത്തിയത്.
സര്‍ക്കാര്‍ ആശുപത്രികളായ എല്‍എന്‍ജെപി., രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി, തുടങ്ങി നിരവധി സ്വകാര്യ ആശുപത്രികളിലും പ്ലാസ്മ തെറാപ്പി നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ മാക്‌സില്‍വെച്ച് നടത്തിയ പ്ലാസ്മ ചികിത്സയിലൂടെയാണ് രോഗമുക്തി നേടിയത്. എല്ലാ രക്തഗ്രൂപ്പുകളിലെയും രോഗികള്‍ക്ക് ഇതിനകം പ്ലാസ്മ ചികിത്സ നടത്തിയതായും അതില്‍ ആപൂര്‍വ രക്തഗ്രൂപ്പുകളില്‍പ്പെട്ട 90 പേര്‍ക്ക് പ്ലാസ്മ നല്‍കിയതായും ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു.
38 വയസിന് താഴെയുള്ള 388 പേര്‍ക്കും 60 വയസിന് മുകളിലുള്ള 322 രോഗികള്‍ക്കുമാണ് പ്ലാസ്മ ചികിത്സ നടത്തിയത്. കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതുവരെ ഫലപ്രദമായ ചികിത്സാരീതിയാണ് പ്ലാസ്മ തെറാപ്പി. കൂടാതെ കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ പ്ലാസ്മ തെറാപ്പി സഹായകമാവുകയും ചെയ്യുന്നു. കോവിഡ് ഭേദമായവരില്‍നിന്നെടുക്കുന്ന പ്ലാസ്മയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. കോവിഡ് മുക്തരായ 18നും 60നും ഇടയില്‍ പ്രായമുള്ള ആളുകളുടെ ശരീര ഭാരം 50ല്‍ കൂടുതല്‍ ആണെങ്കില്‍ പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയും.
രോഗമുക്തനായ വ്യക്തിയുടെ ശരീരത്തില്‍ 28 ദിവസം മുതല്‍ 3 മാസം വരെയുള്ള കാലയളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇമ്യൂണോഗ്ലോബിന്‍ ജി (ഐജിജി) ആന്റിബോഡി ശക്തമായ രോഗപ്രതിരോധ ശേഷി ഉള്ളതായിരിക്കും. ഈ സമയത്താണു രോഗമുക്തരില്‍നിന്നു രക്തം ശേഖരിച്ചു പ്ലാസ്മ അടക്കമുള്ള ഘടകങ്ങള്‍ വേര്‍തിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates