ചെന്നൈ: കോവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തമായ ആസൂത്രണമില്ലെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. രാജ്യം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ വിലക്കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷമെന്ന് ബിജെപി എംപി വിനയ് സഹസ്രബുദ്ധെ വിമര്‍ശിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപിമാര്‍. കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ എന്തുകൊണ്ട് രാജ്യം വിഭജിക്കപ്പെട്ടു എന്ന വിഷയത്തില്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ളയുടെ നേതൃത്വത്തിലായിരുന്നു സംവാദം.
കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ കാര്യമായ അഭിപ്രായ വൃത്യാസങ്ങളില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി ആരംഭിച്ചതോടെയാണ് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുളള അഭിപ്രായ വ്യത്യാസം ആരംഭിച്ചത്. ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ അവരവരുടെ നാട്ടുകളില്‍ എത്താന്‍ റോഡിലൂടെ കിലോമീറ്ററുകളോളം നടക്കാന്‍ ആരംഭിച്ചതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. ഇതില്‍ ചിലര്‍ ട്രെയിന്‍ തട്ടി മരിക്കുന്ന അവസ്ഥ ഉണ്ടായി. ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയുളള ഒരു ഇടപെടലും നടത്തിയില്ലെന്ന് മനീഷ് തിവാരി ആരോപിച്ചു.
തെറ്റായ പ്രതീതി സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വിനയ് സഹസ്രബുദ്ധെ മറുപടി നല്‍കി. കോവിഡ് മഹാമാരിയുടെ സ്വഭാവം വൃത്യസ്തമാണ്. ഇത് സൃഷ്ടിച്ച പ്രതിസന്ധി മുന്‍പ് ഉണ്ടാവാത്ത തരത്തിലുളളതാണ്. അദൃശ്യമായ ശത്രുവിനോടാണ് രാജ്യം പൊരുതുന്നത്.അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അസാധാരണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നില്‍ നിലയുറപ്പിച്ച് രാജ്യം ഒറ്റക്കെട്ടായി കോവിഡിനെതിരെ പൊരുതുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ വിലക്കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് വിനയ് സഹസ്രബുദ്ധെ വിമര്‍ശിച്ചു.
ഫെബ്രുവരി മാസത്തില്‍ കോവിഡ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പിടിമുറുക്കിയപ്പോഴും മാര്‍ച്ച് അവസാനം മാത്രമാണ് ഇന്ത്യ വിഷയത്തെ ഗൗരവത്തോടെ കണ്ടതെന്ന് മനീഷ് തിവാരി വിമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റിന് മുന്‍പാകെ ചുവന്ന പരവതാനി വിരിക്കുന്ന തിരക്കിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. കോവിഡ് കേസുകള്‍ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ഒരേ ഒരു രാജ്യം ഇന്ത്യയാണെന്നും മനീഷ് തിവാരി പറഞ്ഞു. എല്ലാം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് വിനയ സഹസ്രബുദ്ധെ മറുപടി നല്‍കി. വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates