പട്‌ന: ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് ആറ് ലക്ഷം രൂപയുടെ ആസ്തി മാത്രമെന്ന് സത്യവാങ്മൂലം. തൊഴില്‍ രഹിതനാണെന്നാണ് കനയ്യ കുമാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
പുസ്തകങ്ങളിലും മറ്റുമായി എഴുതി കിട്ടുന്ന വരുമാനവും വിവിധ സര്‍വകലാശാലകളില്‍ ഗസ്റ്റ് ലക്ച്ചറായും സമ്പാദിക്കുന്നുണ്ട്. 'ബിഹാര്‍ ടു തിഹാര്‍' എന്ന തന്റെ പുസ്തകം വിറ്റ് ലഭിക്കുന്ന പണമാണ് കനയ്യ കുമാറിന്റെ പ്രധാന വരുമാനമാര്‍ഗം. 24,000 രൂപയാണ് കൈവശമുള്ളത്. ബാങ്ക് അക്കൗണ്ടുകളിലായി 3,57,848 രൂപയുടെ നിക്ഷേപമുണ്ട്. പൂര്‍വ്വിക സ്വത്തായി ലഭിച്ച രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഒരു വീടും ബെഗുസരായിലുണ്ടെന്ന് കനയ്യകുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കുടുംബത്തിന് കാര്‍ഷിക ഭൂമിയില്ല. അച്ഛന്‍ കര്‍ഷകനും അമ്മ അംഗണവാടി തൊഴിലാളിയുമാണ്.
അഞ്ചു കേസുകളാണ് കനയ്യകുമാറിന്റെ പേരിലുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് കേസുകളെല്ലാം. ബിജെപിക്കായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങും ആര്‍ജെഡിയുടെ തന്‍വീര്‍ ഹസ്സനുമാണ് ബെഗുസരായില്‍ കനയ്യകുമാറിന്റെ എതിരാളികള്‍. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പ്രവര്‍ത്തകരുടെ അമ്പടിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഏപ്രില്‍ 29ാണ് ഇവിടെ തിരഞ്ഞെടുപ്പ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates