ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുന്നിൽ ഹാജരാവില്ലെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ . തന്‍റെ പ്രഫഷന്‍റെ നിലവാരം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതൽ ഞാൻ ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിൽ ഹാജരാകില്ല. അദ്ദേഹം റിട്ടയർ ചെയ്യുന്നതുവരെ ഹാജരാകില്ല. എന്‍റെ പ്രഫഷന്‍റെ നിലവാരവും വിശുദ്ധിയും കാത്തു സൂക്ഷിക്കാനാണിത്. ചീഫ് ജസ്റ്റിസ് പദവിയെ സംബന്ധിച്ച് ഇത്രയധികം ആരോപണങ്ങളുയർന്നിട്ടും നിഷ്പക്ഷത പാലിക്കാൻ അദ്ദേഹം തയ്യാറാകാത്തത് നീതിക്ക് നിരക്കുന്നതല്ല എന്നും കപിൽ സിബൽ പറഞ്ഞു.
ഇംപീച്ച് മെന്‍റ് പ്രമേയത്തിൽ ഒപ്പിടാനായി തങ്ങൾ പി.ചിദംബരത്തോടും ചില അംഗങ്ങളോടും ആവശ്യപ്പെട്ടില്ല. കാരണം പി. ചിദംബരം ഉൾപ്പെടുന്ന കേസുകൾ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയിലാണ് ഇപ്പോൾ. ചിദംബരത്തിന് വേണ്ടി ഹാജരാകുന്നത് ഞാനാണ്. ചിദംബരത്തിനുവേണ്ടി ഹാജരാകാൻ കഴിയാത്തത് അദ്ദേഹത്തിന് നഷ്ടമുണ്ടാക്കുമെന്നും എനിക്കറിയാം. സിബൽ പറഞ്ഞു.കാർത്തി ചിദംബരം ഉൾപ്പെടുന്ന കേസും അയോധ്യ കേസ് എന്നിങ്ങനെ സിബൽ വാദിക്കുന്ന പല കേസുകളും ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിലാണ്.
രാമജന്മഭൂമി കേസിന്‍റെ വിധിപറയാനിരിക്കെയാണ് ഇംപീച്ച്മെന്‍റ് നീക്കമെന്ന ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യാനായിഡുവിന് നൊട്ടീസ് തള്ളാനുള്ള അധികാരമില്ലെന്നാണ് കരുതുന്നത്. മറിച്ചായാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഭാവി പരിപാടികള്‍ തീരുമാനിക്കും. ജനാധിപത്യം അപകടത്തിലായപ്പോഴും വേണ്ടവിധത്തില്‍ ഇടപെടാത്ത ജുഡീഷ്യറി അപ്പാടെ താളം തെറ്റിയതിനെതുടര്‍ന്നാണ് ഇംപീച്ച്മെന്‍റിന് മുതിര്‍ന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates