ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനിടെ തോക്കുമായി വെടിവയ്ക്കാന്‍ ഒരുങ്ങിയ ഷാരൂഖിന് മുന്നില്‍ പതറാതെ നിന്ന പൊലീസുകാരന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയാണ് മരണം ഷാരൂഖിന്റെ രൂപത്തില്‍ തൊട്ടു മുന്നില്‍ നിന്നപ്പോഴും പതറാതെ തന്റെ കര്‍ത്തവ്യം നിറവേറ്റിയത്. ആ നിമിഷങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ദീപക്. പൊലീസില്‍ നിന്ന് ലഭിക്കുന്ന പരിശീലനത്തിന്റെ മികവാണ് അതെന്ന് ദീപക് പറയുന്നു.
'2012ലാണ് ഞാന്‍ ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. ഫെബ്രുവരി 24ന് വടക്കു കിഴക്കന്‍ ജില്ലകളില്‍ അടിയന്തര ഡ്യൂട്ടിയിലായിരുന്നു ഞാന്‍'.
'സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ദിവസം അടിയന്തരമായി അവിടേക്ക് എത്താന്‍ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്നാണ് കലാപ സ്ഥലത്തെത്തിയത്. ഈ സമയത്താണ് മെറൂണ്‍ കളര്‍ ടിഷര്‍ട്ട് ധരിച്ച ഒരു മനുഷ്യന്‍ തോക്കുമായി എനിക്ക് മുന്നില്‍ എത്തിയത്. അയാള്‍ എന്നെ വെടി വയ്ക്കാനുള്ള ഉദ്ദേശത്തില്‍ തന്നെയാണ് നിലയുറപ്പിച്ചത്. ഞാന്‍ പ്രകോപനമില്ലാതെ, എന്റെ ഭയം പുറത്ത് പ്രകടിപ്പിക്കാതെ സംയമനം പാലിച്ചു'.
'ഞാന്‍ കൈയിലുണ്ടായിരുന്ന വടിയുമായി അയാളെ എതിര്‍ത്തു. ധൈര്യമുണ്ടെങ്കില്‍ എന്നെ വെടി വയ്ക്കാന്‍ ആവശ്യപ്പെട്ടു. വടി ചൂണ്ടി അയാള്‍ക്ക് താക്കീതും നല്‍കി. പിന്നാലെ അയാളുടെ നേരെ നിന്ന് തോക്ക് താഴെയിടാന്‍ ആവശ്യപ്പെട്ടു. അയാള്‍ വായുവില്‍ വെടി വച്ച് എന്റെ മുന്നില്‍ നിന്ന് പിന്‍വാങ്ങി'- പൊലീസില്‍ നിന്ന് ലഭിക്കുന്ന പരിശീലനത്തിന്റെ മികവാണ് മനസ് പതറാതെ ഇത്തരമൊരു സന്ദര്‍ഭം കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കിയതെന്ന് ദീപക് പറയുന്നു.
ഹരിയാനയിലെ സോനപത് സ്വദേശിയാണ് ദീപക്. പിതാവ് കോസ്റ്റ് ഗാഡായിരുന്നു. ദീപകിന്റെ സഹോദരന്‍മാരില്‍ ഒരാളും ഡല്‍ഹി പൊലീസിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates