വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് എത്തുന്ന സാക്ഷി മഹാരാജ്/പിടിഐ 
India

നേതാക്കള്‍ ശ്രമിച്ചത് ആള്‍ക്കൂട്ടത്തെ തടയാന്‍, മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമല്ല: കോടതി

കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തില്‍ കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്തതു മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമല്ലെന്നും ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നതായി തെളിവില്ലെന്നും ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്ന് എല്‍കെ അഡ്വാനി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ പ്രത്യേക കോടതി ജ്ഡ്ജി എസ്‌കെ യാദവ് പറഞ്ഞു.

കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. സിബിഐ ഹാജരാക്കിയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബറി മസ്ജിദ്, ദീര്‍ഘനാള്‍ നീണ്ടുനിന്ന മത-രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ തകര്‍ക്കപ്പെട്ട കേസില്‍ 27 വര്‍ഷത്തിനു ശേഷമാണ് പ്രത്യേക കോടതി വിധി പറയുന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് രാജ്യത്ത് ഒട്ടേറെ വര്‍ഗീയ കലാപത്തിനു വഴിവച്ചിരുന്നു.

മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അഡ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ്, ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. എല്ലാ പ്രതികളും വിധി പ്രസ്താവ സമയത്ത് ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അഡ്വാനിയും ജോഷിയും കല്യാണ്‍ സിങ്ങും ഉമാഭാരതിയും എത്തിയില്ല. കല്യാണ്‍ സിങ്ങും ഉമാഭാരതിയും കോവിഡ് ചികിത്സയിലാണ്. പ്രായധിക്യവും കോവിഡ് പ്രോട്ടോക്കോളും മൂലം എത്താനാവില്ലെന്നാണ് അഡ്വാനിയും ജോഷിയും അറിയിച്ചത്. മഹന്ത് നൃത്യഗോപാല്‍ ദാസും സതീഷ് പ്രധാനും നേരിട്ടു ഹാജരായില്ല. ഇവര്‍ക്കു വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി.

വിനയ് കത്യാര്‍, സാധ്വി ഋതംബര, സാക്ഷി മഹാരാജ്, ധരംദാസ്, വേദാന്തി, ലല്ലു സിങ്, ചംപത് റായി, പവന്‍ പാണ്ഡേ തുടങ്ങി 26 പ്രതികള്‍ കോടതിയില്‍ ഹാജരായി. 

അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2003ല്‍ റായ്ബറേലിയിലെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. 2010ല്‍ അലഹാബാദ് ഹൈക്കോടതി ഈ വിധി ശരിച്ചു. ഇതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ അനുവദിച്ച സുപ്രീം കോടതി അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് 2017ല്‍ വിധിക്കുകയായിരുന്നു.

വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസിന്റെ വിധിപ്രസ്താവത്തോട് അനുബന്ധിച്ച് കോടതിയിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹം സജ്ജമാക്കിയിട്ടുണ്ട്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയില്‍ ഉടനീളം പൊലീസ് ജാഗ്രതയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്