ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റർ പരാമർശത്തിന്റെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ്. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ വിധി പറയുക.
ചൊവ്വാഴ്ച നടന്ന അവസാന വാദം കേൾക്കലിലും മാപ്പ് പറയാൻ പ്രശാന്ത് ഭൂഷൺ തയ്യാറായില്ല. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് വിട്ടയക്കണമെന്നുമാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ ആവശ്യപ്പെട്ടത്.
സെപ്റ്റംബർ രണ്ടിന് വിരമിക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര കേസിൽ വാദം കേൾക്കുന്നതിനിടെ വൈകാരികമായി പ്രതികരിച്ചിരുന്നു. നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നൽകി. എന്നാൽ ട്വീറ്റ് പിൻവലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല.
ആരുടേയെങ്കിലും നിർബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മർത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിക്കുകയുണ്ടായി. ഇപ്പോൾ പിൻവാങ്ങുന്നത് തന്റെ മനഃസാക്ഷിയേയും കോടതിയേയും അവഹേളിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates