India

മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍;  മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച പിതാവിനെ തൊഴിച്ച് പൊലീസ്, സസ്‌പെന്‍ഷന്‍ (വീഡിയോ)

തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവിനെ പോലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവിനെ പോലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് കോണ്‍സ്റ്റബിള്‍ തൊഴിക്കുന്നതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് തെലങ്കാന പോലീസ് ഉത്തരവിട്ടു. കോണ്‍സ്റ്റബിളിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി തെലങ്കാന പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളേജ് ഹോസ്റ്റലില്‍ 16 കാരിയായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും മോര്‍ച്ചറിക്ക് മുന്‍പില്‍ പ്രതിഷേധം നടത്തി. അതിനിടെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ പുറത്തേയ്ക്ക് എടുത്ത് കോളജിന് മുന്‍പില്‍ വച്ച് പ്രതിഷേധം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു. ഇത് തടയാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് സംഭവം.

മകളുടെ മൃതദേഹം തിരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയുടെ അച്ഛനെ തൊഴിച്ചത്. മൃതദേഹവുമായി പോലീസുകാര്‍ മോര്‍ച്ചറിയിലേക്ക് വരുന്നതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ അതിന് മുന്നിലേക്ക് വീണ് കിടക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് വീഡിയോയില്‍ ദൃശ്യമായത്. തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍  ഇദ്ദേഹത്തെ ചവിട്ടുന്നതും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും കാണാം. എന്നിട്ടും എണീറ്റ് മാറാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന സ്ത്രീയെത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹം പൊലീസിന്റെ പക്കല്‍ നിന്ന് ബലം പ്രയോഗിച്ച് കടത്താന്‍ ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥയായ ചന്ദന ദീപ്തി ആരോപിച്ചു.  പെണ്‍കുട്ടി പനിബാധിച്ചതിനെ തുടര്‍ന്ന് അവശയായിരുന്നതായും വിഷാദരോഗത്തിനടിമയായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കോളേജിന്റെ ഭാഗത്ത്  നിന്നുണ്ടായ അവഗണനയാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം