India

'മന്ത്രി'യായി ഗസ്റ്റ് ഹൗസില്‍ താമസം ; സുരക്ഷയൊരുക്കി സര്‍ക്കാര്‍ ; മന്ത്രിമാരുമായി ചര്‍ച്ച ; മുഖ്യമന്ത്രിയെ കാണാന്‍ നേരം കള്ളി പൊളിഞ്ഞു, പിടിയില്‍

യുപിയിലെ സഹകരണ വകുപ്പ് മന്ത്രിയെന്ന വ്യാജേനയാണ് ഇയാള്‍ പനാജിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഉത്തര്‍പ്രദേശ് മന്ത്രി എന്ന വ്യാജേന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റിലായി. സുനില്‍ സിങ്ങ് എന്നയാളെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലു കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. മന്ത്രിയെന്ന വ്യാജേന സുനിലും സംഘവും ഗോവയില്‍ 12 ദിവസമാണ് സര്‍ക്കാര്‍ അതിഥിയായി ഗസ്റ്റ് ഹൗസില്‍ തങ്ങിയത്.

യുപിയിലെ സഹകരണ വകുപ്പ് മന്ത്രിയെന്ന വ്യാജേനയാണ് ഇയാള്‍ പനാജിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത്. മന്ത്രിയാണെന്നു കാണിക്കുന്ന വ്യാജരേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മന്ത്രി എന്ന നിലയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും ഗോവ സര്‍ക്കാര്‍ ഇയാള്‍ക്ക് അനുവദിച്ചിരുന്നു. ഒടുവില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതോടെയാണ് കള്ളിപൊളിഞ്ഞത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മുഖ്യമന്ത്രി അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഗോവ മുഖ്യമന്ത്രി  പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയത്. യുപിയിലെ സഹകരണവകുപ്പ് മന്ത്രിയെന്ന് വ്യക്തമാക്കുന്ന രേഖകളും ഇയാള്‍ ഹാജരാക്കി. എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ഇതിനിടയില്‍ ഗോവ സഹകരണവകുപ്പ് മന്ത്രി ഗോവിന്ദ് ഗവാഡെയുമായി ഓഫീസിലെത്തി ഇയാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ചചെയ്യുകയും ചെയ്തു. യുപി മന്ത്രിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ തന്നെ കാണാനെത്തിയതെന്ന് ഗവാഡെ പിന്നീട് വ്യക്തമാക്കി.

പത്തു മിനിറ്റു മാത്രമേ കൂടിക്കാഴ്ച നടത്തിയുള്ളൂ. അപ്പോള്‍ത്തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ ചെറിയ സംശയം തോന്നിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതിനോക്കിയെങ്കിലും ഇങ്ങനെയൊരാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാല്‍ തിരക്കുകള്‍ മൂലം പിന്നീട് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, ഇയാള്‍ മന്ത്രിയായി ചമഞ്ഞ് കാന്‍കോനയിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു