India

രാഹുല്‍ ഗാന്ധിയുടെ പകരക്കാരന്‍ സച്ചിന്‍ പൈലറ്റ്? കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍

സച്ചിന്‍ പൈലറ്റിന്റെ പേരിനൊപ്പം, ശശി തരൂര്‍, ജ്യോതിരാദിത്യ സിന്ധ്യ,  പൃഥ്വിരാജ് ചൗഹാന്‍, എ.കെ.ആന്റണി, എന്നിവരേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ പകരക്കാരനെ കണ്ടെത്താന്‍ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ യോഗം ചേര്‍ന്നേക്കുമെന്ന് സൂചന. നാല് ദിവസത്തിനകം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നേക്കുമെന്നും, അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് രാഹുലിനോട് ആവശ്യപ്പെട്ടേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 

നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരേയും തനിക്ക് പകരക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കരുത് എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചത്. 

രാഹുലിന് പകരക്കാരനായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിന്‍ പൈലറ്റിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ പേരിനൊപ്പം, ശശി തരൂര്‍, ജ്യോതിരാദിത്യ സിന്ധ്യ,  പൃഥ്വിരാജ് ചൗഹാന്‍, എ.കെ.ആന്റണി, എന്നിവരേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍, സച്ചിന്‍ പൈലറ്റിന് കീഴില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അസംതൃപ്തരായേക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന വാദമായിരിക്കും മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുക. 

26ാം വയസില്‍ 1.2 ലക്ഷം വോട്ടുകള്‍ക്ക് ദൗസ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ഏറ്റവും പ്രായം കുറഞ്ഞ എംപിയായാണ് സച്ചിന്‍ പൈലറ്റ് ശ്രദ്ധ പിടിക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത്. മൂന്ന് വട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. 

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തിയവരില്‍ ഭൂരിഭാഗവും ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്നായിരുന്നു. രാജീവ് ഗാന്ധി വധത്തിന് ശേഷം സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയെങ്കിലും മികവ് കാണിക്കാനായില്ല. ഇതോടെ സോണിയാ ഗാന്ധിയോട് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം