സിസ്റ്റർ അഭയ 
Kerala

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 30 വർഷം 

ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കു ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 30 വർഷം. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയ തെളിവുകളെയും ആശ്രയിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. സമ്പത്തും സ്വാധീനവും കേസിന്റെ ​ഗതിമാറ്റിയെങ്കിലും പതിറ്റാണ്ടുകൾക്ക് ശേഷം പ്രതികൾ ശിക്ഷിക്കപ്പെട്ടു. 

1992 മാർച്ച് 27ന് പുലർച്ചെയാണ് അഭയയുടെ വിറങ്ങലിച്ച ശരീരം കാണുന്നത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാർഥിയായിരുന്നു അഭയ. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷണം നടത്തിയത്. ലോക്കൽ പോലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവുമാണ് അന്വേഷണം നടത്തി. 1993 മാർച്ച് 29ന് കേസ് ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചു. 

16 വർഷത്തെ അന്വേഷണങ്ങൾക്കൊടുവിൽ അറസ്റ്റ്

മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മേലുദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തി എന്ന സിബിഐ ഓഫീസറുടെ തുറന്നുപറച്ചിലിലൂടെയാണ് കേസ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 16 വർഷത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ 2008 നവംബറിൽ അറസ്റ്റ് ചെയ്തത്. ഇവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി 2009 ജൂലൈയിൽ കുറ്റപത്രം സമർപ്പിച്ചു. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനയ്ക്കും ക്രൈംബ്രാഞ്ച് മുൻ എസ്പി കെടി മൈക്കിളിനെ നാലാം പ്രതിയാക്കി. 

ജോസ് പൂതൃക്കയിൽ കുറ്റവിമുക്തനായി

ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്പ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിൻ വിചാരണയ്ക്കു മുമ്പു മരിച്ചു. 2019 ഓഗസ്റ്റ് 26 നാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചത്. 

ജീവപര്യന്തം തടവ്

വിചാരണയ്ക്കൊടുവിൽ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കു ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കൽ), 449 (അതിക്രമിച്ചുകടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 

സിസ്റ്റർ സെഫിയും താനും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും രാത്രികാലങ്ങളിലായിരുന്നു സമ്പർക്കമെന്നും ഫാദർ തോമസ് കോട്ടൂർ പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലിനോടു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിരുന്നു. വേണുഗോപാലിന്റെ മൊഴിയും സംഭവം നടന്ന ദിവസം മോഷണത്തിനായി കോൺവെന്റിൽ എത്തിയ രാജുവിന്റെ മൊഴിയും സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലവും കണക്കിലെടുത്താണ് കോടതി ഈ നിഗമനത്തിൽ എത്തിയത്. പ്രതികൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സിസ്റ്റർ അഭയ കണ്ടെന്നും ഇതു പുറത്തുപറയുമെന്ന ഭയത്തിൽ കൊല നടത്തിയെന്നുമാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതു കോടതി പൂർണമായും ശരിവച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

SCROLL FOR NEXT