ഇടുക്കി; ഫുക്രുവിന്റെ ശബ്ദം കേട്ടാണ് രാജമ്മ വാതിൽ തുറന്നത്. നോക്കുമ്പോൾ തന്റെ വളർത്തു നായയെ പിടികൂടാൻ ശ്രമിക്കുന്ന പുലിയാണ് മുന്നിൽ. രാജമ്മ പുറത്തിറങ്ങിയപ്പോൾ പുലി അവരുടെ നേരെ തിരിഞ്ഞു. സമീപത്തുണ്ടായിരുന്ന മുളവടിയെടുത്ത് ഇവർ പുലിയെ അടിച്ചു. കാന്തല്ലൂർ പാമ്പൻപാറ സ്വദേശിയായ അറുപത്തൊൻപതുകാരി രാജമ്മയാണ് ധീരമായ ചെറുത്തു നിൽപ്പിലൂടെ തന്റേയും നായയുടേയും ജീവൻ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടുകൂടിയാണ് സംഭവം. 15 വർഷം മുൻപ് ഭർത്താവ് ജോണി മരിച്ചതിനു ശേഷം വനാതിർത്തിക്കു സമീപമുള്ള വീട്ടിൽ ഒറ്റയ്ക്കാണ് രാജമ്മ കഴിയുന്നത്. കൂട്ടിന് ആകെയുള്ളത് ഫുക്രുവെന്ന വളർത്തുനായ മാത്രം. വരാന്തയിൽ നിന്നിരുന്ന നായയെയെ പുലി പിടികൂടാൻ ശ്രമിക്കുകയായിരുന്നു. മുളവടിയെടുത്ത് അടിച്ച് ചെറുത്തുനിന്നെങ്കിലും വീണ്ടും ആക്രമിക്കാൻ തിരിഞ്ഞപ്പോൾ രാജമ്മയും വളർത്തുനായയും ഓടി വീടിനുള്ളിൽ കയറി വാതിലടച്ചു. പിന്നീട് തീ കാണിച്ചു വിരട്ടിയതോടെ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.
പുലിയുടെ ആക്രമണത്തിൽ നായയുടെ കഴുത്തിനും ചെവിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മിനുസമുള്ള വരാന്തയിലൂടെ പുലിക്ക് വേഗത്തിൽ ഓടിയെത്താൻ സാധിക്കാതിരുന്നതിനാലാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടതെന്നും രാജമ്മ പറയുന്നു. രണ്ടു ദിവസം മുൻപ് രാജമ്മയുടെ അയൽവാസി മനോജിന്റെ വീട്ടിലെ താറാവുകളെ പുലി പിടികൂടാൻ ശ്രമിച്ചിരുന്നു. വീട്ടുകാർ ഒച്ചവച്ചാണ് പുലിയെ തുരത്തിയത്. അന്നും പുലി രാജമ്മയുടെയുടെ വീട്ടുമുറ്റത്തെത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates