Adoor Prakash 
Kerala

അടൂര്‍ പ്രകാശും പ്രയാര്‍ ഗോപാലകൃഷ്ണനും പോറ്റിയുടെ വീട്ടിലെ സന്ദര്‍ശകര്‍; അയല്‍വാസിയുടെ വെളിപ്പെടുത്തല്‍

സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തതിന്റെ മഹസര്‍ സാക്ഷി കൂടിയാണ് വിക്രമന്‍ നായര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സന്ദര്‍ശിച്ചതായി അയല്‍വാസിയായ വിക്രമന്‍ നായര്‍. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തതിന്റെ മഹസര്‍ സാക്ഷി കൂടിയാണ് വിക്രമന്‍ നായര്‍. ഇരുവരെയും കൂടാതെ എംഎല്‍എയായ ഒഎസ് അംബികയും പോറ്റിയുടെ വീട്ടിലെത്തിയതായി വിക്രമന്‍ നായര്‍ പറഞ്ഞു.

'പോറ്റിയുടെ കുടുംബം പണ്ടുമുതലേ കോണ്‍ഗ്രസാണ്. ഇപ്പോള്‍ എല്ലാ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ട്. എല്ലാ രാഷ്ട്രീയക്കാരും വന്നുപോകാറുണ്ട്. ഒഎസ് അംബിക തിരുമേനി മരിച്ചപ്പോള്‍ വന്നതെന്നാണ് ഓര്‍മ'- വിക്രമന്‍ നായര്‍ പറഞ്ഞു

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ വന്നിരുന്നുവെന്ന് വിക്രമന്‍ നായര്‍ പറഞ്ഞിരുന്നു. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്നായിരുന്നു വിക്രമന്‍ നായരുടെ വെളിപ്പെടുത്തല്‍. കടകംപള്ളി രണ്ട് തവണ ഇവിടെ കണ്ടിട്ടുണ്ട്. വന്ന സമയത്ത് അദ്ദേഹം മന്ത്രിയായിരുന്നു. അന്ന് തങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ആദ്യം വന്നപ്പോള്‍ ഉടനെ തന്നെ തിരിച്ചു പോയി. രണ്ടാം തവണ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അദ്ദേഹം പോയതെന്നുമായിരുന്നു വിക്രമന്‍ നായര്‍ പറഞ്ഞത്.

അതേസമയം, ശബരിമല സ്വര്‍ണക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയതായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോറ്റിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവിടെ പോയതെന്നും പൊലീസ് അകമ്പടി ഉണ്ടായിരുന്നെന്നും കടകംപള്ളി പറഞ്ഞു. പോറ്റിയുടെ കൈയില്‍ നിന്ന് ഒരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും അറിയാവുന്ന എല്ലാകാര്യങ്ങളും പ്രത്യേക അന്വേഷണസംഘത്തിനോട് പറഞ്ഞിട്ടുണ്ടെന്നും കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'പോറ്റിയുടെ വീട്ടില്‍ ഒരുതവണ പോയിട്ടുണ്ട്. 2017ലാണ് പോയതെന്നാണ് തോന്നുന്നത്. ദേവസ്വം മന്ത്രിയായി ശബരിമലയിലെത്തുന്ന കാലത്ത് ശബരിമലയില്‍ നില്‍ക്കുന്ന പോറ്റിയെ നിരവധി തവണ കണ്ടിട്ടുണ്ട്. മന്ത്രിയായിരിക്കെ ഒരു ദിവസം ശബരിമലയിലേക്ക് പോകുന്ന യാത്രാമധ്യേ എന്നെ വിളിച്ചിട്ട് വീട്ടില്‍ ഒരു കുട്ടിയുടെ ചടങ്ങ് ഉണ്ട്, അവിടെ കയറണമെന്ന് സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അകമ്പടിയോടെയാണ് അവിടെ പോയത്. അവിടെ നിന്ന് ഭക്ഷണം കഴിച്ച് പിരിയുകയും ചെയ്തു. ഇന്നത്തെ വീട്ടില്‍ അല്ല പോയത്. ശബരിമല സ്വാമിയുടെ ശരിയായ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയുടെ വീട്ടില്‍ പോയത്. ഇക്കാര്യം അന്വേഷണ സംഘത്തിനോട് പറഞ്ഞിട്ടുണ്ട്' - കടകംപള്ളി പറഞ്ഞു

പോറ്റിയുടെ കൈയില്‍ നിന്ന് ഒരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും കഴക്കൂട്ടം മണ്ഡലത്തില്‍ പോറ്റിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സ്‌പോസണ്‍സര്‍ഷിപ്പ് പദ്ധതിയും ഉണ്ടായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ഇപ്പോഴത്തെ അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. എല്ലാവര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഹൈക്കോടതി. അന്വേഷണപുരോഗതി ഹൈക്കോടതി കൃത്യമായി വിലയിരുത്തുന്നുണ്ട്. ആ അന്വേഷണത്തില്‍ വസ്തുത പുറത്തുവരുന്നുണ്ട്. അതില്‍ കോടതി തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ അന്വേഷണം പൂര്‍ത്തിയാകട്ടെ.

പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രീയ താത്പര്യത്തോടെയാണെന്നും കടകംപള്ളി പറഞ്ഞു. അവര്‍ ഏതെങ്കിലും ഇരകളെ തേടുന്നവരാണ്. ഒരു ഇരയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ താത്പര്യം നേടിയെടുക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷ നേതാവിനും മറ്റ് പ്രതിപക്ഷത്തുള്ള നേതാക്കള്‍ക്കും, ഈ രാജ്യത്തെ എല്ലാവര്‍ക്കും മാധ്യമങ്ങള്‍ക്കുമറിയാം മന്ത്രിക്ക് അതില്‍ റോളുമില്ലെന്ന്. തന്ത്രിയുടെ കാര്യം അങ്ങനെ അല്ല. ക്ഷേത്രകാര്യങ്ങളില്‍ ദൈനംദിനമായി ഇടപെടുന്നവരാണ് അവര്‍. അദ്ദേഹം എന്തെങ്കിലും ചെയ്‌തെന്ന് താന്‍ പറയുന്നില്ല. മന്ത്രിയും തന്ത്രിയും രണ്ടാണെന്ന് മനസിലാക്കാനുള്ള ശേഷി എല്ലാവര്‍ക്കും ഉണ്ടെന്നും കടകംപള്ളി പറഞ്ഞു.

Adoor Prakash and Prayar Gopalakrishnan Visited Potty's House: Neighbor Reveals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

കഠിന വർക്ക്ഔട്ട് ഇല്ല, ഈ മാറ്റത്തിന് പിന്നിൽ ഭക്ഷണക്രമം; രഹസ്യം വെളിപ്പെടുത്തി ആമിർ ഖാൻ

'സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ല; വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നു'

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി കൊടുക്കാത്തതില്‍ അടിപിടി; സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

വെറും രണ്ടു മിനിറ്റിൽ കക്കയിറച്ചി ക്ലീൻ ചെയ്യാം

SCROLL FOR NEXT