Sandeep Varier, Ramya Haridas, Abin Varkey 
Kerala

പാലക്കാട് സന്ദീപ്, ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ ഹരിദാസ്, തിരുവമ്പാടിയില്‍ ജോയി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എഐസിസി സര്‍വേ നിര്‍ദേശങ്ങള്‍

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മൂന്നു സര്‍വേകളാണ് സംസ്ഥാനത്ത് നടത്തിയിരുന്നത്

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ സിപിഎം നേതാവും മന്ത്രിയുമായ വീണാ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എഐസിസി നടത്തിയ സര്‍വേയില്‍ അബിന്റെ പേരാണ് ആറന്മുളയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വീണയും അബിന്‍ വര്‍ക്കിയും മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് സഭാംഗങ്ങളാണ്.

ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസിനെ അടൂര്‍ സീറ്റില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ട്. പട്ടികജാതി സംവരണ സീറ്റായ അടൂര്‍ ഇടതുമുന്നണിയില്‍ സിപിഐയുടെ സീറ്റാണ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിലെ എംഎല്‍എ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ അഞ്ചു സീറ്റുകളും എല്‍ഡിഎഫാണ് വിജയിച്ചത്. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെയാണ് പരിഗണിക്കുന്നത്.

പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സന്ദീപ് വാര്യരെ മത്സരിപ്പിച്ചാല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ സന്ദീപ് ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഷാഫി പറമ്പിലിന് നിര്‍ണായക റോളുണ്ട്. പൊതുസ്വീകാര്യത, ജയസാധ്യത തുടങ്ങിയവയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാനമാകുക. താഴേത്തട്ടില്‍ നിന്നുള്ള അഭിപ്രായരൂപീകരണം കൂടി നടത്തിയാണ് എഐസിസി സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി എസ് ജോയി, മുഹമ്മദ് ഷിയാസ് എന്നിവരും മത്സരിച്ചേക്കും. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ തിരുവമ്പാടി സീറ്റില്‍ മത്സരിപ്പിക്കാനാണ് ആലോചന. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ജോയിയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. പിന്നീട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിഞ്ഞ ജോയിക്ക് നേതൃത്വം തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് വാഗ്ദാനം നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അടുത്ത അനുയായി കൂടിയായ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കളമശ്ശേരി മണ്ഡലത്തിലാണ് പരിഗണിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും. കെഎസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലും, കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ കൊല്ലം മണ്ഡലത്തിലേക്കും പരിഗണിക്കുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സനെ അരുവിക്കരയിലും, കെപിസിസി അംഗം ജെ എസ് അഖിലിനെ കഴക്കൂട്ടത്തും സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നുണ്ട്.

തവനൂര്‍ നിയമസഭ സീറ്റില്‍ എ എം രോഹിതിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രോഹിത് പൊന്നാനിയില്‍ മത്സരിച്ചിരുന്നു. കോഴിക്കോട് കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെയാണ് ബാലുശ്ശേരി മണ്ഡലത്തില്‍ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മൂന്നു സര്‍വേകളാണ് സംസ്ഥാനത്ത് നടത്തിയിരുന്നത്. പൊതു അഭിപ്രായം, പ്രവര്‍ത്തകരുടെ അഭിപ്രായം, പ്രമുഖ വ്യക്തികളുടെ നിലപാട് എന്നിവ തേടിയിരുന്നു.

Congress moves to field Youth Congress National Secretary Abin Varkey against CPM leader and minister Veena George in the Aranmula constituency in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചര്‍ച്ച ചെയ്യണോ?, അതൊക്കെ അടഞ്ഞ അധ്യായം; ആ പുസ്തകം ആരെങ്കിലും തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളും'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ചില ഭക്ഷണങ്ങൾ ഒഴിവാക്കി തണുപ്പുകാലത്തെ പനിയും ചുമയും തടയാം

'ജയലളിതയുടെ ആളുകള്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി തല്ലി, തെറിവിളിച്ചു; രക്ഷകനായത് ഭാഗ്യരാജ്'; വെളിപ്പെടുത്തി രജനികാന്ത്

6 മിനിറ്റ് 23 സെക്കന്‍ഡ്, സൂര്യന്‍ പൂര്‍ണമായും മറയ്ക്കപ്പെടും; നൂറ്റാണ്ടിന്റെ ഗ്രഹണം വരുന്നു

SCROLL FOR NEXT