തൃശൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ കസ്റ്റഡിയില്‍. വടക്കുന്നാഥ ക്ഷേത്രപരിസരത്ത് വച്ചാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, അര്‍ജുന്‍ ആയങ്കി 5.40ന് പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അര്‍ജുന്‍ ടോള്‍ പ്ലാസ കടന്ന ശേഷം കാര്‍ മാറിയതായാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അര്‍ജുനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് യാത്ര ചെയ്യുന്ന ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. അതിനിടെ 'ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു'- അര്‍ജുന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരെയും നേരത്തെ പൊലീ കസ്റ്റഡിയിലെടുത്തിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സ്വദേശികളാണിവര്‍. ആയങ്കിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാണ്
അഖിലിനെ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനാല്‍ നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി. അര്‍ജുന്‍ ആയങ്കിയെ എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് അര്‍ജുനെ പിടികൂടാന്‍ നിയോഗിച്ചത്. ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച സാഹചര്യത്തിലാണ് പൊലീസ് നീക്കം. കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഒമാരെ ഭീഷണിപ്പെടുത്തിയ കേസുകളിലാണ് അര്‍ജുനെ പൊലീസ് തേടുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിലും അര്‍ജുനെതിരെ പൊലീസ് കേസെടുത്തേക്കും. തന്നെയും സുഹൃത്തുക്കളെയും പ്രതി ചേര്‍ത്ത് ജയിലിലടച്ച കേസില്‍ പുനരന്വേഷണം നടത്താനാണ് അര്‍ജുന്‍ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. അന്വേഷണശേഷം താന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്. അര്‍ജ്ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates