Pinaryi_Muraleedharan 
Kerala

മരുന്ന് വിവാദത്തിൽ ബോണ്ട് പോര്: കോൺഗ്രസിന് 12.25 കോടിയെന്ന് പിണറായി; സിപിഎമ്മിന് ഒന്നരക്കോടിയെന്ന് മുരളീധരൻ

മുൻ സർക്കാർ കമ്പനിക്ക് 50 കോടി കുടിശ്ശിക വരുത്തിയെന്നും മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി രോഗത്തിനുള്ള ജനറിക് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നിയമസഭയിൽ വാക്‌പോര്. എസ്എംഎ ജനറിക് മരുന്ന് നിർമ്മാതാക്കളായ നാറ്റ്കോ ഫാർമയിൽനിന്ന് ഇലക്ടറൽ ബോണ്ട് വഴി കോൺഗ്രസിന് 12.25 കോടി രൂപ ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപി ച്ചു. എന്നാൽ, മുൻ എൽഡിഎഫ് സർക്കാർ എസ്എംഎ മരുന്ന് കമ്പനിക്ക് 50 കോടി രൂപയുടെ കുടിശ്ശിക വരുത്തിവെച്ചുവെന്നും ഇതേ നാറ്റ്കോ കമ്പനി സിപിഎം പാർട്ടി ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി കെ. മുരളീധരൻ തിരിച്ചടിച്ചു.

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എസ്എംഎ ബാധിച്ച നവജാത ശിശുക്കൾക്ക് നൽകിയ മരുന്ന് 'ക്ലിനിക്കൽ ട്രയൽ' എന്ന് രേഖപ്പെടുത്തിയതിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. തങ്ങൾ ജനറിക് മരുന്നുകൾക്ക് എതിരല്ലെന്നും എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകിയ ഗുരുതര വീഴ്ചയെ പ്രതിപക്ഷം ജനറിക് മരുന്നുകൾക്ക് എതിരാണെന്ന രീതിയിൽ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി

നിർധന കുടുംബങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ മരുന്ന് എത്തിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി. വിദേശ കമ്പനിയായ റോഷിന്റെ ബ്രാൻഡഡ് മരുന്നിന് 12 ദിവസത്തേക്ക് 6.5 ലക്ഷം രൂപ ചെലവ് വരുമ്പോൾ നാറ്റ്കോയുടെ ജനറിക് റിസ്ഡിപ്ലാം മരുന്നിന് 15,000 രൂപ മാത്രമാണ് ചെലവാകുന്നത്. ഇത് ഭാവിയിൽ അനുബന്ധ സാമഗ്രികൾ ഉൾപ്പെടെ 9,000 രൂപയായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ പൂർണ്ണ അനുമതിയോടെയാണ് മരുന്ന് ഉപയോഗിക്കുന്നതെന്നും ലഖ്‌നൗ എസ്ജിപിജിഐ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഇത് സുരക്ഷിതമായി നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ജനറിക് മരുന്ന് ലഭ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന് കാണിച്ച് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ കത്തെഴുതിയിരുന്നു. സാങ്കേതിക സമിതി വിശദമായി പരിശോധിച്ച് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നും അതിനാൽ ഇത് യാതൊരു കാരണവശാലും പരീക്ഷണ മരുന്നല്ലെന്നും അദ്ദേഹം വിശദീകരിച്ചു

മുൻപരിചയമോ ദീർഘകാല ഫലപ്രാപ്തിയോ ഉറപ്പുവരുത്താത്ത പുതിയ ജനറിക് മരുന്ന് നൽകുന്നതിലെ ആശങ്ക നേരത്തെ കത്തിലൂടെ അറിയിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. രോഗികൾക്ക് സൗജന്യ മരുന്ന് നൽകുന്നതിനുള്ള പ്രായപരിധി 12-ൽ നിന്ന് 25 വയസ്സായി ഉയർത്തുന്നതിന് മുൻപ് വകയിരുത്തിയിരുന്ന 30 കോടി രൂപ സർക്കാർ പുനഃസ്ഥാപിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.

മരുന്നുകളുടെ പേറ്റന്റ് കുത്തക ഉപയോഗിച്ച് ബഹുരാഷ്ട്ര കമ്പനികൾ നടത്തുന്ന കൊള്ളയെ എക്കാലവും എതിർത്ത പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് വ്യക്തമാക്കിയ പിണറായി വിജയൻ, നവജാത ശിശുക്കളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയതിനെ ന്യായീകരിക്കാൻ കോൺഗ്രസ് കോർപ്പറേറ്റ് കമ്പനികളിൽനിന്ന് വാങ്ങിയ കോടികളുടെ ഫണ്ടാണ് കാരണമാകുന്നതെന്നും ആരോപിച്ചു.

സംസ്ഥാനത്തിന്റെ ആരോഗ്യ നയരൂപീകരണത്തിനായി രൂപീകരിച്ച 'കേരള ഹോളിസ്റ്റിക് ഹെൽത്ത് മോഡൽ' ടാസ്ക് ഫോഴ്സിലെ നിയമനങ്ങളെച്ചൊല്ലിയും സഭയിൽ തർക്കമുണ്ടായി. സ്വകാര്യ ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവയുടെ പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തിയത് പൊതുജനാരോഗ്യ നയത്തെ സ്വകാര്യവൽക്കരിക്കാൻ ഇടയാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.

അഴിമതി ആരോപണങ്ങൾ നേരിട്ട ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ സമിതിയിൽ കൊണ്ടുവന്നതിനെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. എന്നാൽ, ദീപക് സിംഗാളിനെതിരെ നിലവിൽ കേസുകളൊന്നുമില്ലെന്നും 2019-ൽ തന്നെ വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഡോ. ശിവകുമാർ സരിൻ, ഡോ. എം.വി. പിള്ള, കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോ. പി.എം. വാര്യർ, ആര്യവൈദ്യ ഫാർമസിയിലെ ദേവദാസ് വാര്യർ അടക്കമുള്ള പ്രഗത്ഭരെ രാഷ്ട്രീയ പരിഗണനകളില്ലാതെ നോളജ് പാർട്ണർമാരായി മാത്രമാണ് നിയോഗിച്ചതെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

Fiery exchanges erupted in the Kerala Legislative Assembly over the distribution of generic Spinal Muscular Atrophy (SMA) drugs, dominated by high-voltage political sparring over electoral funding and supplier liabilities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേയ്ക്ക്, 26,768 ഗര്‍ഭിണികളെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റും; അതീവ ജാഗ്രതാനിര്‍ദേശം

യുഎഇയിലെ ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചതെന്തിന്? എപ്പോള്‍ വീണ്ടും തുറക്കും

അപകടം സുഹൃത്തിനോട് വിവരിക്കുന്ന നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്, 'രക്ഷപ്പെടാന്‍' നിര്‍ദേശം; സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെ

'ജെഡിഎസിനെ തകര്‍ക്കാന്‍ 600 കോടിയുടെ ഗൂഢാലോചന'; ഡികെ ശിവകുമാറിനെതിരെ ആരോപണവുമായി കുമാരസ്വാമി

'പത്മയെ അങ്ങനെ കൊല്ലേണ്ടേയിരുന്നില്ല, അതൊരു അബദ്ധം'; സ്വപ്‌നക്കൂടിനെക്കുറിച്ച് കമല്‍