ബംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നര ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി. രണ്ടര കിലോയിലേറെ വരുന്ന കള്ളക്കടത്തു സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികൾ അടക്കം മൂന്ന് പേർ പിടിയിലായി. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വർണമാണു പിടിച്ചെടുത്തത്.
ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അബ്ദുൽ സലാം മാണിപ്പറമ്പ്, ദുബായിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷ്റഫ് എന്നിവരാണു പിടിയിലായ മലയാളികൾ. കാസർകോട് സ്വദേശികളായ ഇവർ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് എത്തിയത്.
ജീൻസിന്റെയും ഷർട്ടിന്റെയും ബട്ടൺ, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിൻ എന്നീ രൂപങ്ങളിലാണ് സ്വർണം കടത്തിയത്. 26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വർണം ഇവരിൽ നിന്നു പിടികൂടി.
വെള്ളിയാഴ്ച, മംഗളൂരു ഉള്ളാൾ സ്വദേശി മുഹമ്മദ് ആഷിഫിൽ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വർണം പിടികൂടിയിരുന്നു. പുലർച്ചെ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റു ചെയ്തത്. രാസവസ്തു ചേർത്തു പശ രൂപത്തിലാക്കിയ സ്വർണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീൻസ്, കാൽമുട്ട് കവചം (നീ പാഡ്) തുടങ്ങിയവയിൽ ഒളിപ്പിച്ചാണു കടത്തിയത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ അവിനാശ് കിരൺ റൊങ്കാലിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അറസ്റ്റിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates