തിരുവനന്തപുരം: സംസ്ഥാനത്ത് സെക്യൂരിറ്റി ജീവനക്കാർക്ക് പ്രതികൂല കാലാവസ്ഥയില്‍ ഇരിപ്പിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തൊഴിലുടമകൾ ചെയ്തു നൽകണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു.
വെയിലത്തും പ്രതികൂല കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. മിനിമം വേതനം, ഓവർടൈം വേതനം,അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
വി ശിവന്‍കുട്ടിയുടെ ഫെയ്സുബുക്ക് കുറിപ്പ്
സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്. വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം.
തൊഴിലുടമകൾ ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണം. മിനിമം വേതനം,ഓവർടൈം വേതനം,അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയാലും സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates