ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന സമ്മേളനത്തില്‍ ഐക്യകണ്‌ഠേനയാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആദ്യമായാണ് സംസ്ഥാന സമ്മേളനം ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് 2023 ഡിസംബറിലാണ് ബിനോയ് വിശ്വം സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നത്.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്താണ് ബിനോയിയുടെ ജനനം. ബിഎ, എൽഎൽബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെയാണ് ബിനോയ് വിശ്വം പൊതുപ്രവർത്തന രംഗത്തേക്കെത്തുന്നത്. നാദാപുരത്ത് നിന്ന് രണ്ടുതവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2006-11ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിൽ വനം, ഭവന മന്ത്രിയായിരുന്നു. 2018 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാന കൗണ്‍സിലിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 100 ആയിരുന്നത് 103 ആയിട്ടാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെയും ഇ എസ് ബിജിമോള്‍ എംഎല്‍എയെയും ഒഴിവാക്കി. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന്‍ വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
കൊല്ലത്തു നിന്നുള്ള ജി എസ് ജയലാല്‍ എംഎല്‍എയെ ഇത്തവണയും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു മുമ്പ് ജയലാല്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും ജയലാലിനെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
എറണാകുളം ജില്ലയില്‍ നിന്നും കെ എന്‍ സുഗതന്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടി. കെ എം ദിനകരന്‍, കമല സദാനന്ദന്‍ എന്നിവര്‍ സംസ്ഥാന കൗണ്‍സിലില്‍ സ്ഥാനം നിലനിര്‍ത്തി. പി കെ രാജേഷ് കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകും. മിക്ക ജില്ലകളില്‍ നിന്നും നിരവധി പുതുമുഖങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ഇടംനേടിയിട്ടുണ്ട്. നേരത്തെ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates