പിപി ദിവ്യ- പികെ കൃഷ്ണദാസ്‌ 
Kerala

'അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം പോരല്ലോ'; പിപി ദിവ്യ വിഷയത്തില്‍ പ്രതികരിച്ച് ബിജെപി

സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരാളെ മാത്രമല്ല, നിരവധി പേരെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കണ്ണൂര്‍: 'അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം പോരല്ലോ'യെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഎമ്മുമായി അകലുന്നുവെന്ന സൂചന നല്‍കി പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് മറുപടിയായാണ് കൃഷ്ണദാസിന്റെ പ്രതികരണം. പിപി ദിവ്യ അവരുടെ നിലപാട് വ്യക്തമാക്കുമ്പോള്‍ ബിജെപി പാര്‍ട്ടിയുടെ നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു

'സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരാളെ മാത്രമല്ല, നിരവധി പേരെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കന്‍മാര്‍ക്കും അതിനകത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? അതേപോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കന്‍മാര്‍ക്കും അതിനകത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമോ?. രണ്ട് പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതീക്ഷിക്കന്നുണ്ട്. ഞങ്ങളുടെ വാതിലുകള്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്. അവര്‍ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് തങ്ങളും നിലപാട് വ്യക്തമാക്കും'- പികെ കൃഷ്ണദാസ് പറഞ്ഞു.

'നമ്മെ ഒരു കരയില്‍നിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാന്‍ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവന്‍ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്'' സിപിഎമ്മുമായുള്ള അകല്‍ച്ച സൂചിപ്പിക്കുന്ന കുറിപ്പ് പി.പി.ദിവ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. കണ്ണൂര്‍ എംഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ചിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി ദിവ്യയെ പരിഗണിച്ചിരുന്നില്ല. ഒരിക്കല്‍ നമുക്കു ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല എന്നാണ് ദിവ്യ കുറിപ്പില്‍ പറയുന്നത്.

ദിവ്യയുടെ കുറിപ്പ്

ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്…

ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും.

ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ കണ്ടുമുട്ടിയ മനുഷ്യർ… കടന്നുപോയ സാഹചര്യങ്ങൾ… ഹൃദയത്തിൽ മായാതെ കിടക്കുന്ന ചില ഓർമ്മകൾ… കാലം മായ്ച്ചുകളയാത്ത ചില മുറിവുകൾ… ഇതെല്ലാം മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളുണ്ട്.

ചില അനുഭവങ്ങൾ ചിരിയുടെ പൂക്കാലം സമ്മാനിച്ചു. ചിലത് കണ്ണീരിന്റെ നനവുള്ള ഓർമ്മകളായി മാറി. മറ്റു ചിലത് മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിന്റെയും നീതിയുടെയും വില മനസ്സിലാക്കാനും പഠിപ്പിച്ചു.

അങ്ങനെയിരിക്കെ, അടുത്തിടെ വായിച്ച ഒരു കഥ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ബുദ്ധൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കഥ…

ഒരു മനുഷ്യൻ യാത്രയ്ക്കിടയിൽ ആഴമേറിയ ഒരു നദിക്കരയിലെത്തി. മറുകരയിലെത്താൻ പാലമില്ല, വള്ളമില്ല, സഹായിക്കാൻ ആരുമില്ല. ഒടുവിൽ അവിടെക്കണ്ട മരത്തടികളും കമ്പുകളും ചേർത്ത് അയാൾ ഒരു ചങ്ങാടമുണ്ടാക്കി. പ്രതിബന്ധങ്ങളെ അതിജീവിച്ച് സുരക്ഷിതമായി മറുകരയിലെത്തി.

തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ആ ചങ്ങാടത്തോട് അയാൾക്ക് വല്ലാത്ത നന്ദി തോന്നി. അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ, ഇനി എവിടെപ്പോയാലും ചങ്ങാടം കൂടെ കൊണ്ടുപോകാൻ അയാൾ തീരുമാനിച്ചു. അങ്ങനെ, യാത്ര സുഗമമാക്കിയ ആ ചങ്ങാടം തലയിലേറ്റി അയാൾ വീണ്ടും യാത്ര തുടർന്നു.

കഥ പറഞ്ഞുതീർത്ത ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ചു:

“അയാൾ ചെയ്യുന്നത് ശരിയാണോ?”

ശിഷ്യന്മാർ ഒരേ സ്വരത്തിൽ പറഞ്ഞു: “അല്ല.”

ഒന്ന് ആലോചിച്ചുനോക്കൂ… നമ്മുടെ ജീവിതത്തിലും ഇങ്ങനെയുള്ള ചില ചങ്ങാടങ്ങളില്ലേ?

ഒരിക്കൽ നമ്മെ ചേർത്തുപിടിച്ച ചില ബന്ധങ്ങൾ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങൾ ഇന്ന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം. ഒരിക്കൽ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല.

ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം… ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം.

നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്.

ജീവിതത്തിലും അങ്ങനെതന്നെ… ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു പാഠം പഠിപ്പിക്കാനായിരിക്കാം. ചില അനുഭവങ്ങൾ നമ്മെ തകർക്കാനല്ല, കൂടുതൽ കരുത്തുള്ളവരാക്കാനായിരിക്കാം. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം.

എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം.

പ്രിയ സുഹൃത്തുക്കളേ,

ഇവിടെ ഞാൻ പങ്കുവയ്ക്കുന്നത് വെറും സങ്കൽപ്പകഥകളല്ല. ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണ്. ചില കഥകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങൾ തെളിഞ്ഞേക്കാം. ചില അനുഭവങ്ങളിൽ നിങ്ങളുടെ തന്നെ ജീവിതത്തിന്റെ നിഴലുകൾ കണ്ടേക്കാം.

ഓർമ്മകളുടെ വഴികളിലൂടെ… മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലൂടെ… സത്യത്തിന്റെയും നീതിയുടെയും അർത്ഥങ്ങൾ തേടി ഒരു യാത്ര.

കാരണം, ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ട്… ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യവും.

“Justice may be delayed, but the voice of truth will never fade.”

സത്യം പറയാനുള്ള ധൈര്യത്തോടെയും നീതി തിരിച്ചറിയാനുള്ള വിവേകത്തോടെയും… ഈ യാത്ര ഇവിടെ തുടരുന്നു. ..വായിക്കണം. ..അഭിപ്രായങ്ങൾ അറിയിക്കണം

BJP responds to PP Divya’s Facebook post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ ഒന്‍പത്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തുലാവര്‍ഷം കനക്കും; ഞായറാഴ്ച വരെ അതിശക്ത മഴ

കൂറ്റിപ്പുറത്ത് ട്രെയിൻ തട്ടി പഞ്ചായത്ത് അംഗമായ കോൺഗ്രസ് നേതാവ് മരിച്ചു

'ഭദ്രക്ക് മാത്രം അറിയാവുന്ന ആ രഹസ്യം തിരികെ ഏൽപ്പിക്കാനുള്ള വരവ്'; വർഷങ്ങൾക്ക് ശേഷം ശിവപുരത്തേക്ക് എത്തി അവർ, വിഡിയോ വൈറൽ

മന്ത്രിയുടെ ഓഫീസുമായുള്ള ഭിന്നത? ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടിവി അനുപമയെ മാറ്റി

രഞ്ജിയിൽ '5 വിക്കറ്റ്', കേരളത്തിന്റെ ജലജ് സക്സേന ഇതിഹാസ പട്ടികയിൽ!