ന്യൂഡല്‍ഹി: തന്റെ വെപ്പുകാലുകള്‍ രാജ്യസഭയില്‍ മേശപ്പുറത്ത് വെച്ച് പ്രസംഗിച്ച് സി സദാനന്ദന്‍ എം പി. സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് എം പി നടത്തിയത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവര്‍ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സി സദാനന്ദന്‍.
31 വര്‍ഷം മുന്‍പ് സിപിഎം പ്രവര്‍ത്തകര്‍ തന്റെ കാലുകള്‍ മുറിച്ചുകളഞ്ഞെന്ന് സദാനന്ദന്‍ എം പി പറഞ്ഞു. അതിനാല്‍ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാന്‍ കഴിയില്ലെന്ന് വെപ്പുകാലുകള്‍ മേശപ്പുറത്തു വച്ച് അദ്ദേഹം പറഞ്ഞു. 'എനിക്കും ഉറപ്പുള്ള രണ്ട് കാലുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഉപയോഗിക്കുന്നത് വെപ്പുകാലുകളാണ്. ഈ സഭയില്‍ പലവട്ടം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടു. ഈ സഭയില്‍ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവര്‍ 31 വര്‍ഷം മുന്‍പ് എന്നെ ആക്രമിച്ചു. സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം എന്റെ ഇരുകാലുകളും വെട്ടിയെടുത്തു. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് അവര്‍ ഉറക്കെ നിലവിളിച്ചു'.
പ്രസംഗത്തിനെതിരെ ഇടത് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മേശപ്പുറത്ത് കാലുകള്‍ വെച്ചത് ചട്ട വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മാനുഷികതയെ കുറിച്ചു നിരന്തരം സംസാരിക്കുന്നവര്‍ക്ക് അസഹിഷ്ണുതയാണെന്ന് സദാനന്ദന്‍ മറുപടി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates