കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കാൽനടയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ വണ്ടിയെടുത്ത് അമിതവേഗത്തിൽ എവിടെപ്പോയി എന്ന് ചോദിക്കാൻ സാമൂഹിക മാധ്യമങ്ങളിലെ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തിൽ ചില അപകടങ്ങൾ നടക്കുമ്പോൾ മാത്രം സദാചാരവും വർഗീയതയും വിളമ്പുന്ന ഇരട്ടത്താപ്പിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജിന്റോ പ്രതികരിച്ചത്.
നെടുമ്പാശ്ശേരിയിൽ ആളുകളെ ഇടിച്ചുകൊന്ന മിനികൂപ്പറായാലും ചേരാനല്ലൂരിലെ മെഴ്‌സിഡസ് ബെൻസായാലും ഇത്തരം കൊലയാളികളുടെയെല്ലാം പൊതുവായ ഘടകം കയ്യിലുള്ള കാശിന്റെ അഹങ്കാരമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പണക്കൊഴുപ്പിന്റെ ഹുങ്കിൽ ജീവൻ പൊലിയുന്നത് സാധാരണക്കാരുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടിടങ്ങളിലും അപകടം വരുത്തിവെച്ചതിന് ശേഷം സ്വാധീനമുപയോഗിച്ച് സ്വന്തം മക്കളെ കേസിൽനിന്ന് എങ്ങനെയെങ്കിലും ഊരിയെടുക്കാനാണ് അപ്പന്മാരും ഉപ്പമാരും നെട്ടോട്ടമോടുന്നതെന്ന് ഡോ. ജിന്റോ ജോൺ കുറ്റപ്പെടുത്തി. മറ്റുള്ളവരോട് സഹാനുഭൂതിയും മനുഷ്യത്വവും പകർന്നുനൽകി മക്കളെ നേർവഴിക്ക് വളർത്താനാകാത്ത, പരാജയപ്പെട്ട കുറേ അച്ഛന്മാരാണ് സമൂഹത്തിലുള്ളതെന്നും കുറിപ്പിൽ പറയുന്നു
പോസ്റ്റിൻറെ പൂർണ്ണ രൂപം:
അയാൾ തട്ടുകട നടത്തിപ്പുകാരനായിരുന്നു. വെളുപ്പിന് കടയടച്ച് വീട്ടിലേക്കുള്ള അരിയും വാങ്ങി മടങ്ങും വഴി വണ്ടിയിടിച്ച് കൊന്നുകളഞ്ഞവൻ കുഞ്ഞാണത്രേ. അപ്പന്റെ ബെൻസിന്റെ അഹങ്കാരത്തിൽ അമിത വേഗമെടുത്ത് ആ പാവപ്പെട്ട കുടുംബത്തെ അനാഥമാക്കിയ കൊലയാളിക്ക് പതിനെട്ട് തികയാൻ മാസങ്ങൾ ബാക്കിയുള്ളത് കൊണ്ട് പേരറിയണ്ട, മുഖം കാണണ്ട. പക്ഷേ കാശിന്റെ ഹുങ്കിൽ എല്ലിനിടയിൽ കുത്തിവേദനയുണ്ടായ ആ ചെറുക്കൻ കൊന്നുകളഞ്ഞ ജയബാലകൃഷ്ണന്റെ മുഖം ഇനി ആ കുടുംബത്തിന്റെ ഓർമ്മകളിൽ മാത്രം.
കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിന് വിട്ടുകിട്ടും മുൻപ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കൊടുക്കാൻ ആവേശം കാണിച്ച ചേരാനല്ലൂർ പോലീസിന്റെ വേഗത നീതിബോധത്തിന്റേതല്ല. അധികാരവും പണവുമുള്ളവരെ കാണുമ്പോഴുള്ള യജമാന വിധേയത്വത്തിന്റേതാണ്. ഗുരുതര വകുപ്പുകൾ ചുമത്താൻ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെടേണ്ടി വരുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. മന്ത്രിക്ക് എത്ര കേസുകളിൽ ഇങ്ങനെ ഇടപെടാനാകും. മന്ത്രിയോ സർക്കാരോ ഇടപെടാതെ തന്നെ, നീതി നിഷേധിക്കപ്പെടാതെ നിയമം നടപ്പാക്കാൻ പോലീസ് ശീലിക്കണം.
കാശുള്ളവരെ കാണുമ്പോൾ കവാത്ത് മറക്കുന്ന കാക്കിയിട്ടവരുടെ പോറാട്ട് നാടകത്തിന് സർക്കാരാണ് ഉത്തരം പറയേണ്ടി വരുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ അലംഭാവം കാണിച്ച ഉദ്യോഗസ്ഥരുടെ നടപടികളും അന്വേഷിക്കപ്പെടണം. കുടുംബം പോറ്റാൻ രാപകലുകൾ പണിയെടുത്ത മനുഷ്യനെ കൊന്നുകളഞ്ഞവന് വീണ്ടും വീണ്ടും ജാമ്യം കൊടുക്കാൻ വേണ്ടി വെളുപ്പിന് തുറന്നുവച്ചിരിക്കുന്ന 'ജസ്റ്റിസ്' ബോർഡുകളുടെ നീതിബോധവും വിചാരണ ചെയ്യപ്പെടണം. സാധാരണക്കാരുടെ വണ്ടിയൊന്ന് ഉരഞ്ഞാൽ പോലും ജീവിതം പെരുവഴിയിലാക്കുന്ന നടപടിക്രമങ്ങളുടെ നൂലാമാലകൾ 'ഉന്നതരുടെ' കൊലയാളി മക്കൾക്കായി ജാമ്യം കൊടുക്കുന്ന വേഗതയും സംശയകരമാണ്. ഇതിനെല്ലാം പുറകിൽ നടന്ന കുറ്റകരമായ മൗനങ്ങളും, കണ്ണടക്കലുകളും, ഗൂഡാലോചനകളും അന്വഷിക്കപ്പെടണം.
പാതിരാത്രി ബെൻസെടുത്ത് കറങ്ങാനിറങ്ങിയവന്റെ 'ഇതൊന്നുമറിയാതെ' വീട്ടിൽ കിടന്നുറങ്ങിയ പിതാവാരെന്നോ? ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലെ അഡീഷണൽ ജഡ്ജി! വല്ലാത്തൊരു നീതിബോധം!! പ്രായപൂർത്തിയാകാത്ത ആ ചെറുക്കന്റെ വണ്ടിക്കറക്കം ഇതുവരെ അറിയാത്ത അയാൾക്ക് ആ സ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയുമില്ല. ഇക്കഴിഞ്ഞ ഒന്നാം തീയതി ഈ ജഡ്ജി വാങ്ങിയ ശമ്പളം ആ പാവം തട്ടുകടക്കാരന്റെ നികുതിപ്പണത്തിൽ നിന്നുകൂടിയാണ്.
പാതിരാത്രി ആ ചെറുക്കൻ ലൈസെൻസില്ലാതെ വണ്ടിയെത്ത് അമിതവേഗത്തിൽ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗ്ഗീയ വിഷ വൃദ്ധകളേയും ഇപ്പോൾ കാണുന്നില്ല. പണിയെടുക്കാനും കുടുംബം പോറ്റാനും വിശപ്പടക്കാനും രാത്രി സഞ്ചരിക്കുന്നവരുടെ മേൽ കുറ്റം കണ്ടെത്തുന്ന വൈകൃത മനസ്കർ അദ്ധ്വാനമില്ലാതെ വിശപ്പ് മാറിയതിന്റെ അഹങ്കാരത്തിൽ ആളെക്കൊല്ലാൻ ആഡംബര വാഹനകറക്കം നടത്തുന്നവരെ പൂട്ടിയിടേണ്ടതിന്റെ നീതി പറയുന്നില്ല.
വണ്ടിയിടിച്ച് മനുഷ്യരെ കൊന്ന നെടുമ്പാശ്ശേരിയിലെ മിനികൂപ്പറായാലും ചേരാനല്ലൂരിലെ ബെൻസായാലും കൊലയാളികളുടെ കോമൺ ഇലമെന്റ് കാശുള്ളതിന്റെ എല്ലുകുത്തി വേദനയാണ്. രണ്ടിടത്തും അപ്പനും ഉപ്പയും കൂടി മക്കളെ ഊരിയെടുക്കാൻ നോക്കുന്നുമുണ്ട്. മക്കളെ സഹാനുഭൂതിയോടെ വളർത്താനാകാത്ത പരാജയപ്പെട്ട കുറേ അച്ഛന്മാർ ഇനിയുമിവിടെ ഒരുപാട് പാവങ്ങൾക്ക് നടുറോഡിൽ മരണം സമ്മാനിക്കും. പക്ഷേ അവരുടെ നീതിബോധമില്ലായ്മക്ക് നിയമത്തിന്റെ കവചമൊരുക്കാൻ പോലീസോ നീതിന്യായ സംവിധാനങ്ങളോ നിന്നുകൊടുത്താൽ ക്ഷമിക്കാവുന്നതല്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പോലീസിലും കോടതിയിലും വിശ്വാസം നഷ്ടപ്പെട്ടു എന്ന് കേൾക്കാൻ ഇടവരരുത്. ഉച്ചത്തിൽ പ്രതികരിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates