കൊച്ചി: ചേരാനെല്ലൂരില്‍ ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ കുടുംബത്തിന്റെ പ്രതിഷേധം. ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് ആദ്യത്തെ തെളിവുനശിപ്പിക്കല്‍ ഉണ്ടായതെന്നും പ്രതിക്കും, ഇയാളുടെ പിതാവായ ജഡ്ജിക്കും എതിരെ നടപടി സ്വീകരിക്കുംവരെ സ്റ്റേഷനില്‍ പ്രതിഷേധം തുടരുമെന്നും കുടംബം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി പൊലീസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് പറഞ്ഞുവിട്ടു. നീതികിട്ടും വരെ ഇവിടെ ഇരിക്കുമെന്ന് ജയബാലകൃഷ്ണന്റെ മക്കള്‍ പറഞ്ഞു. 'ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇവിടെ ആരും ഇല്ല. അവരുടെ കാശിനും സ്വാധീനത്തിനും മുന്നിലും വീഴുന്ന ആളുകള്‍ മാത്രമേ ഇവിടെയുള്ളു, ഞങ്ങള്‍ക്ക് അനുകൂലമായ ഒരുനിലപാട് പൊലീസിന്റെയോ ജ്യൂഡിഷ്യറിയുടെയോ ഭാഗത്തുനിന്ന് ഇല്ല. കാക്കിയോടുള്ള വിശ്വാസവും ബഹുമാനവും എല്ലാം പോയി. കൊലക്കുറ്റം ചുമത്തിയിട്ട് പോലും അവന് ജാമ്യം കൊടുത്ത ജ്യൂഡിഷ്യറിക്കെതിരെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ജാമ്യം നല്‍കിയ ജഡ്ജിക്കെതിരെ നടപടി എടുക്കണം'- മകന്‍ പറഞ്ഞു.
'ആഡംബരക്കാര്‍ ഉടമയായ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണം. ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സെലിബ്രിറ്റിയുടെ ഫോട്ടോയല്ല എടുത്തത്. എന്റെ അച്ഛനെ കൊന്നവരുടെ ഫോട്ടോയാണ് എടുത്തത്. പ്രതിയുടെ പിതാവിന്റെ കുടെ വന്നവരാണ് ഫോണ്‍ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്തത്. അതിന് ഈ പൊലീസ് കൂട്ടുനിന്നു'- മകള്‍ പറഞ്ഞു.
'പ്രതിക്കും പിതാവിനും എതിരെ നടപടി എടുക്കുംവരെ ഞങ്ങള്‍ ഇവിടെ നിന്ന് പോകില്ല. ഇവിടെനിന്ന് ബലമായി പിടിച്ച് അകത്തിടേണ്ടിവരും. ഇന്നലെ തെറ്റിദ്ധരിപ്പിച്ച് വിട്ടതാ. ഇന്ന് ഞാനും എന്റെ സഹോദരിയും ഇവിടെ ഇരിക്കും. ആദ്യത്തെ തെളിവ് നശിപ്പിക്കല്‍ നടന്നത് ഈ സ്റ്റേഷനിലാണ്. സുപ്രീം കോടതി വിധി പ്രകാരം ഏതൊരു ഇന്ത്യന്‍ പകരം വീഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള അനുവാദം ഉണ്ട്. ആ തെളിവാണ് ഡിലീറ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെയും തെളിവ് നശിപ്പിച്ചവര്‍ക്കെതിരെയും കൃത്യമായി നടപടി വേണം'- കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ പ്രതിയുടെ വീട്ടുകാരുടെ ഭാഗത്തു പിഴവുണ്ടായിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. വിശദമായ തെളിവെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടാക്കിയ പ്രതിയെ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധന നടത്തി. രക്തസാംപിളും മൂത്ര സാംപിളും ശേഖരിച്ചു. മദ്യപിച്ചിരുന്നതായി മണമൊന്നും ഇല്ലാത്തതിനാല്‍ അപകടമായിട്ടാണ് രജിസ്റ്റര്‍ ചെയ്തത്. മഴയായതിനാല്‍ കണ്ടെല്ലെന്നാണ് പ്രതി പറഞ്ഞത്. മൊബൈല്‍ ഫോണും മറ്റു കാര്യങ്ങളും പരിശോധിച്ചതില്‍ നിന്ന് കാര്‍ അപകടത്തിന് തൊട്ടുമുമ്പുവരെ ഓവര്‍ സ്പീഡ് ആയിരുന്നുവെന്ന് കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates