തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്തു നാള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാത്ത സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സ്‌കൂള്‍ തുറക്കല്‍, മണ്‍സൂണ്‍ മുന്നൊരുക്കം തുടങ്ങി വിവിധ വിഷയങ്ങളില്‍ അടിയന്തരമായി സ്വീകരിക്കേണ്ട തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു. സ്‌കൂള്‍ ഫിറ്റ്‌നസ് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിദ്യാഭ്യാസവകുപ്പിനു നിര്‍ദേശം നല്‍കുകയും പാഠപുസ്തക വിതരണം മേയ് 31നുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലകള്‍ക്ക് ഓരോ കോടി വീതം നല്‍കാനും തീരുമാനിച്ചു. ഇന്നലെ മങ്കടയില്‍ ഇടിമിന്നലേറ്റു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യവും ചര്‍ച്ചയായി. മലപ്പുറം കലക്ടറെ ഇതിനായി ചുമതലപ്പെടുത്തി. നാഥനില്ലാക്കളരിയായതോടെ സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം ഏതാണ്ട് സ്തംഭിച്ച മട്ടിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അത്യാവശ്യ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം തേടുമ്പോള്‍ പുതിയ സര്‍ക്കാര്‍ വരട്ടെ എന്നാണ് വകുപ്പു സെക്രട്ടറിമാരുടെ മറുപടി. അല്ലെങ്കില്‍ ചീഫ് സെക്രട്ടറി നിര്‍ദേശിക്കട്ടെ എന്നാണു നിലപാട്.
ശമ്പള വിതരണവും യുഡിഎഫ് സര്‍വീസ് സംഘടനകള്‍ ഇടപെട്ട് ആരംഭിച്ചിരിക്കുന്ന സ്ഥലംമാറ്റങ്ങളും മാത്രമാണ് മുടക്കമില്ലാതെ നടക്കുന്നത്. സാങ്കേതികമായി ഇപ്പോഴും മുഖ്യമന്ത്രിയാണെങ്കിലും പിണറായി വിജയന്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നില്ല എന്നാണ് അറിയുന്നത്. മന്ത്രിമാരെല്ലാം സ്ഥാനമൊഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates