REMYA HARIDAS Center-Center-Kochi
Kerala

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

പാർട്ടി നേതൃത്വത്തെയും കെപിസിസിയെയും വെല്ലുവിളിച്ച് നീക്കം; 2026 മെയ് 21 മുതൽ പ്രാബല്യം വേണമെന്ന് ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയെത്തുടർന്ന് കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ സംരക്ഷിക്കാൻ വീണ്ടും പരസ്യനീക്കവുമായി രമ്യ ഹരിദാസ് എംഎൽഎ. പാളയം പ്രദീപിനെ തന്റെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായി (പിഎ) മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. 2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ പ്രദീപിന് നിയമനം നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അന്ന് മുതൽ പ്രദീപ് തന്റെ ഒപ്പമുണ്ടെന്ന വിശദീകരണമാണ് ഇതിനായി രമ്യ മുന്നോട്ടുവെക്കുന്നത്.

പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് സംഘർഷത്തിൽ പാളയം പ്രദീപിനെതിരെ കെപിസിസി അച്ചടക്ക നടപടി സ്വീകരിക്കുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ എതിർപ്പുകൾ വകവെക്കാതെയാണ്, സസ്പെൻഷനിലായ പ്രദീപിന് ഔദ്യോഗിക പദവി ഉറപ്പാക്കാൻ എംഎൽഎ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യവുമായി രമ്യ ഹരിദാസ് സ്പീക്കറുടെ ഓഫീസിനെയാണ് സമീപിച്ചിരുന്നത്. എന്നാൽ എംഎൽഎമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകേണ്ടത് നിയമസഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രമ്യ നിയമസഭാ സെക്രട്ടറിക്ക് കത്ത് കൈമാറിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച എം.എം. ഹസൻ സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരാകാതിരുന്ന രമ്യ ഹരിദാസ്, രഹസ്യമായി പാലക്കാട്ടെത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രമ്യ ഡൽഹിയിലായതിനാൽ ഫോണിലൂടെയാണ് മൊഴിയെടുത്തതെന്ന് എം.എം. ഹസൻ മാധ്യമങ്ങളോട് വ്യക്തമാക്കിയ സമയത്തായിരുന്നു എംഎൽഎ പാലക്കാടെത്തിയത്. അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽനിന്ന് തന്നെ ശക്തമായതോടെ, താൻ ഡൽഹിക്ക് പോകാൻ പദ്ധതിയിട്ടിരുന്നതാണെങ്കിലും അസുഖത്തെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു എന്ന വിശദീകരണവുമായി എംഎൽഎ പിന്നീട് രംഗത്തെത്തി.

പാർട്ടി അച്ചടക്ക നടപടി നേരിടുന്ന ഒരാളെ ഔദ്യോഗികമായി അഡീഷണൽ പിഎ ആക്കാൻ രമ്യ നടത്തുന്ന നീക്കം കെപിസിസി നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളിയായാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നത്. നേരത്തെ അന്വേഷണ സമിതിക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യത്തിന്റെ തുടർച്ചയായാണ് ഈ നടപടിയും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനപ്രതിനിധികൾക്കെതിരെ പരസ്യ നടപടികൾ കൈക്കൊള്ളുന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലിൽ ചിറയിൻകീഴ് സംഭവത്തിൽ രമ്യയ്ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നായിരുന്നു പ്രാഥമിക സൂചനകൾ. എന്നാൽ, നേതൃത്വത്തെ പൂർണ്ണമായും വെട്ടിലാക്കുന്ന പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിന് ആക്കം കൂടുന്നതോടെ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാകും.

Defying deep resentment within the Congress local leadership and overlooking KPCC's ongoing internal probe, MLA Remya Haridas has pushed forward to appoint her suspended aide Palayam Pradeep as her official Additional Personal Assistant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

334 സിസി, ഡ്യുവല്‍ ചാനല്‍ എബിഎസ്; ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ വിപണിയില്‍

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം, അശാസ്ത്രീയ പാര്‍ക്കിംഗ് തടയാന്‍ കര്‍ശന നിയന്ത്രണം വേണം; ഗഡ്കരിക്ക് മുഖ്യമന്ത്രിയുടെ കത്ത്

'സിനിമ സ്വപ്‌നം കാണാന്‍ കാരണക്കാരന്‍, ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്‌നം'; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

എന്തുകൊണ്ട് ഓള്‍ഡ് മങ്ക് റം അല്ല? എന്താണ് യഥാര്‍ഥ റം? | Explainer

എഐ കാമറകളെ വെട്ടിക്കും ഷര്‍ട്ട്; ജര്‍മന്‍ ഫാഷന്‍ ഡിസൈനറുടെ കണ്ടുപിടിത്തം