തൃശൂര്‍: ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണര്‍ത്തല്‍ കൂടിയാണ് കലയുടെ ധര്‍മമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകാലത്ത് പല കലകളും മതത്തിന്റെയും ജാതിയുടെയും മാത്രമായി ഒതുങ്ങി നിന്നിരുന്നു. ഫ്യഡലിസം അവസാനിച്ച് ജനാധിപത്യം വന്നതോടെ കല എല്ലാവരുടെതുമായി. എങ്കിലും ഓരോ കാലത്തും ഏറ്റവും മികച്ച കലാകാരന്‍മാര്‍ക്കു പോലും ജാതിയും മതവും പ്രശ്‌നമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2009 മുതലാണ് കേരള സ്്കൂള്‍ കലോത്സവം എന്ന പേരില്‍ ഇത് അറിയപ്പെടാന്‍ തുടങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 70 വര്‍ഷം കൊണ്ട് ഈ മേളക്ക് വന്ന മാറ്റം അമ്പരിപ്പിക്കുന്നതാണ്. 56ല്‍ 200 ആയിരുന്ന മത്സരാര്‍ഥികള്‍ ഇന്ന് 14,000ലധികമായിരിക്കുന്നു. ഒരുപരാതിക്കും ഇടം നല്‍കാതെയാണ് കുറെ വര്‍ഷങ്ങളായി കലോത്സവം നടക്കുന്നത്. ഇത്തവണയും ഇത്അങ്ങനെ ആവാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. മനുഷ്യന് കിട്ടിയ അത്ഭുതകരമായ സിദ്ധിയാണ് കല. അത് പ്രകടിപ്പിക്കുന്നവരെയും ആസ്വദിക്കുന്നവരെയും ഒരേ പോലെ ആനന്ദിപ്പിക്കുന്നു. ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്‍മാര്‍ ചെയ്യുന്നത്. ചിത്രകാരന്‍, വരയും വര്‍ണങ്ങളും കൊണ്ട് ആനന്ദം സൃഷ്ടിക്കുന്നു. ഗായകര്‍ സ്വരം കൊണ്ടാണ് അത് ചെയ്യുന്നത്. അഭിനേതാക്കള്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും മുഖഭാവം കൊണ്ട് അത് സൃഷ്ടിക്കുന്നത്. എന്നാല്‍ ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല കലയുടെ ധര്‍മം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണര്‍ത്തല്‍ കൂടിയാണ് കലയുടെ ധര്‍മം. സാമൂഹ്യവ്യവസ്ഥിതി പൊളിച്ചെഴുതുന്നതില്‍ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തില്‍ നിന്ന് മനസിലാകും.
ആദിമകാലം മുതല്‍ മനുഷ്യന്‍ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അത് മത്സരത്തിനോ സമ്മാനത്തിനോ വേണ്ടിയായിയിരുന്നില്ല. ഉള്ളിലെ കഴിവ് സ്വയമറിയാതെ ആവിഷ്‌കരിക്കുകയായിരുന്നു. അങ്ങനെയാണ് ഗുഹാചിത്രങ്ങളും നാടന്‍ പാട്ടുകളും നാടന്‍ കലകളും ഉണ്ടായത്. അവതാരകരോ പ്രേക്ഷരോ എന്ന വേര്‍തിരിവ് അന്നുണ്ടായില്ല. ഒരുകാലത്ത് പല കലകളും മതത്തിന്റെയും ജാതിയുടെയും മാത്രമായി ഒതുങ്ങി നിന്നിരുന്നു. ഫ്യഡലിസം അവസാനിച്ച് ജനാധിപത്യം വന്നതോടെ കല എല്ലാവരുടെതുമായി. ഓരോ കാലത്തും ഏറ്റവും മികച്ച കലാകാരന്‍മാര്‍ക്കു പോലും ജാതിയും മതവും പ്രശ്‌നമായിട്ടുണ്ട്. തൃശൂര്‍ ജില്ലക്കാരനായ ഹൈദരലി കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി പഠിച്ചു. കഥകളി സവര്‍ണ ഹിന്ദുക്കളുടെ കലയാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ചിലര്‍ വിലക്കാന്‍ നോക്കി. അന്യമതസ്ഥന്‍ എന്നാരോപിച്ച് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ കയറ്റിയില്ല. ഒരിടത്ത് സ്‌റ്റേജില്‍ കഥകളി അവതരിപ്പിക്കുമ്പോള്‍ ക്ഷേത്രത്തിന്റെ മതിലിന്റെ ഒരുഭാഗം പൊളിച്ച് പാടാന്‍ അവസരമൊരുക്കുകയായിരുന്നു ചെയ്തത്. കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠമാണെന്നും മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഛിദ്രശക്തികളെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയവാദികളെ ചെറുത്തുതോല്‍പ്പിക്കാനുള്ള വലിയ ആയുധമാണ് കല. ജാതിയോ മതമോ നോക്കാതെ പുതിയ തലമുറ എല്ലാ കലകളും അവതരിപ്പിക്കുക. ഇത് കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണ്്. എക്കാലവും നമുക്ക് ഇത് ഉയര്‍ത്തിപ്പിടിക്കാനാവണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങളെ തള്ളിക്കളയാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. കലോത്സവങ്ങളില്‍ ഒന്നാം സമ്മാനം നേടിയവര്‍ മാത്രമല്ല പില്‍ക്കാലത്ത് കലാപ്രതിഭകളായി വളര്‍ന്നത്. മത്സരിക്കുന്നത് രക്ഷിതാക്കളല്ല, കുട്ടികളാണെന്ന് ഓര്‍മവേണം. കുട്ടികളുടെത് ശുദ്ധമായ മനസ്സാണ്. കാലുഷ്യത്തിന്റെ കണികപോലും വരാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates