കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി., മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകൾ തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. വിഷയം കോടതിയിൽ ഉന്നയിക്കപ്പെട്ടപ്പോൾ, മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സുപ്രീംകോടതി പത്തു ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ടെന്ന കാര്യം അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ 'ഇനിയും സമയമുണ്ടല്ലോ' എന്ന് നിരീക്ഷിച്ച കോടതി ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിഷയം നേരത്തെ പരിഗണിച്ച ബഞ്ച് തന്നെയാകും തിങ്കളാഴ്ചയും കേസ് പരിഗണിക്കുക.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായി വിജയനും കുടുംബത്തിനും അനുമതി നിഷേധിച്ച ഹൈക്കോടതി നടപടി ഒക്ടോബർ 21-നാണ് സുപ്രീംകോടതി റദ്ദാക്കിയത്. മൂവർക്കും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി, ഇവർക്കെതിരെയുള്ള എഫ്ഐആറിലെ അന്വേഷണത്തിന് 10 ദിവസത്തെ ഇടക്കാല സ്റ്റേ അനുവദിക്കുകയും അപ്പീലുകൾ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കായി തിരിച്ചയക്കുകയുമായിരുന്നു.
ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു. കേസിന്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമികാന്വേഷണം നടത്താനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നാണ് സിംഗിൾ ബെഞ്ച് കണ്ടെത്തിയത്. കൂടാതെ, പ്രാഥമികാന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ചെയ്തിരുന്നു.
ഈ ഉത്തരവ് തങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നായിരുന്നിട്ടും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചതെന്നും ഇത് സാമാന്യ നീതിയുടെ ലംഘനമാണെന്നുമാണ് മൂവരും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും. തുടർന്നാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates