Pinarayi SC 
Kerala

സിഎംആർഎൽ കേസ്: പിണറായിക്ക് ആശ്വാസം, അപ്പീൽ നൽകാൻ അനുമതി; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കി; അപ്പീൽ നൽകാൻ തടസ്സമില്ലെന്ന് സുപ്രീം കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്യാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനടക്കം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഇവർക്ക് തടസ്സമില്ലെന്നാണ് പരമോന്നത കോടതി ഉത്തരവിട്ടത്.

ഹർജിക്കാർക്ക് അപ്പീൽ നൽകാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനായി, നിലവിൽ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ തുടരന്വേഷണം സുപ്രീം കോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു. ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്ന റിട്ട് ഹർജിയിൽ ഹർജിക്കാർ കക്ഷികളായിരുന്നില്ല. എന്നാൽ, ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന കുറ്റകൃത്യങ്ങളുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ച സാഹചര്യത്തിൽ, അവർ തീർച്ചയായും ഈ ഉത്തരവിലൂടെ ബാധിക്കപ്പെടുന്നവരും പരാതി ഉന്നയിക്കാൻ അർഹതയുള്ളവരുമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്നതിന് മുൻപ് ആരോപണവിധേയരുടെ വാദം കേൾക്കേണ്ടതില്ലെന്ന ഇഡിയുടെയും ഹർജിക്കാരന്റെയും വാദങ്ങൾ കോടതി തള്ളി.

"കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസല്ല ഇത്. മറിച്ച്, ഭരണഘടനാ കോടതിയുടെ നേരിട്ടുള്ള ഉത്തരവിലൂടെയാണ് എഫ്ഐആറും അന്വേഷണവും ആരംഭിച്ചത്. ഇഡി കൈമാറിയ രേഖകൾ കുറ്റകൃത്യം വ്യക്തമാക്കുന്നുണ്ടെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ ബാധ്യസ്ഥരാണെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിരീക്ഷണത്തെ ചോദ്യം ചെയ്യാൻ ആരോപണവിധേയർക്ക് അനുവാദം നൽകിയില്ലെങ്കിൽ, എഫ്ഐആറിനെതിരെയുള്ള അവരുടെ തുടർന്നുള്ള നിയമപോരാട്ടങ്ങളെ അത് ദോഷകരമായി ബാധിക്കും," കോടതി നിരീക്ഷിച്ചു.

ബിഎൻഎസ്എസ് പുതിയ വ്യവസ്ഥകളും കോടതി വിധിയിൽ പരാമർശിച്ചു. മുൻപുണ്ടായിരുന്ന സിആർപിസി 156(3) വകുപ്പിൽ നിന്ന് വ്യത്യസ്തമായി, പുതിയ ബിഎൻഎസ്എസ് 175(4) വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതികൾ ഉത്തരവിടുന്നതിന് മുൻപ് ബന്ധപ്പെട്ട പൊതുപ്രവർത്തകന്റെയോ ഉന്നത ഉദ്യോഗസ്ഥന്റെയോ വിശദീകരണം തേടേണ്ടതുണ്ട്. ഒരു കേസിൽ എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ സാധ്യതയുള്ള പ്രതിക്ക് നിയമം നൽകുന്ന സംരക്ഷണത്തിന്റെ വ്യാപ്തിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

കൂടാതെ, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മാത്രമല്ല, അന്വേഷണം ആരംഭിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കണമെങ്കിൽ പ്രത്യേക നിയമപരമായ അനുമതികൾ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഹർജിക്കാർക്ക് അപ്പീൽ നൽകാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിന് നിയമപരമായ വസ്തുതകൾ പരിശോധിച്ച് ഇടക്കാല ആശ്വാസത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും നടപടികളെ നിശിതമായി വിമർശിച്ചു. പൊതുതാൽപര്യ ഹർജികൾ പരിഗണിക്കാൻ റോസ്റ്റർ അധികാരമില്ലാതിരുന്നിട്ടും സിംഗിൾ ബെഞ്ച് ഈ ഹർജിയിൽ തീർപ്പുകൽപ്പിച്ചുവെന്നും, എന്നാൽ ഇതിനെതിരെ അപ്പീൽ നൽകാൻ ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിചിത്രമായ കേസാണ് ഇതെന്ന് വിശേഷിപ്പിച്ച ലൂത്ര, ഡിവിഷൻ ബെഞ്ച് അപ്പീലിന് അനുമതി നൽകാതിരുന്നതിലെ വൈരുദ്ധ്യവും ഉയർത്തിക്കാട്ടി.

ഹർജിക്കാർക്ക് അപ്പീൽ നൽകാൻ അനുമതി നൽകാമായിരുന്നുവെന്ന് ജസ്റ്റിസ് വി. മോഹനയും വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) സെക്ഷൻ 66(2) പ്രകാരം ഇ.ഡി നൽകുന്ന വിവരങ്ങൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിത സ്വഭാവമുള്ളതാണോ (Mandate) എന്ന സുപ്രധാന വിഷയം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഉന്നയിച്ചു. "സിംഗിൾ ജഡ്ജി ഒരിടത്ത് ഇത് നിർബന്ധിതമാണെന്ന് പറയുന്നു, മറ്റൊരിടത്ത് പ്രാഥമിക പരിശോധന ആവശ്യമാണെന്നും വ്യക്തമാക്കുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ചിരുന്ന സംസ്ഥാന സർക്കാരിനും സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ പോകാമായിരുന്നില്ലേ എന്നും ജസ്റ്റിസ് ബാഗ്ചി ചോദിച്ചു.

ആരോപണവിധേയർക്കെതിരെ നേരിട്ട് എഫ്.ഐ.ആർ ഇടാൻ നിർദ്ദേശിച്ചിട്ടില്ലെന്ന കാരണത്താൽ അവർ ബാധിക്കപ്പെട്ടവരല്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ യുക്തിയെ കോടതി തള്ളിപ്പറഞ്ഞു. ഇ.ഡി കൈമാറിയ വിവരങ്ങളിൽ ഇവരുടെ പേരുകൾ വ്യക്തമായി പ്രതിപാദിച്ചിരിക്കെ, ഇവർ എങ്ങനെ പരാതിക്കാരല്ലെന്ന് പറയാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. "ഞങ്ങൾ അന്വേഷണത്തിന് എതിരല്ല. നിലവിലെ എഫ്.ഐ.ആർ നിലനിൽക്കും, എന്നാൽ അപ്പീൽ കോടതി വിഷയത്തിൽ അന്തിമതീരുമാനം എടുക്കുന്നത് വരെ ഒരുവിധ അന്വേഷണവും ഉണ്ടാകില്ല," ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. ഇ.ഡിയുടെ വാർത്താക്കുറിപ്പ് വന്നതിന് തൊട്ടുപിന്നാലെ, എതിർകക്ഷികളെ ഉൾപ്പെടുത്താതെ എന്തിനാണ് ഇത്ര ധൃതിപിടിച്ച് റിട്ട് ഹർജി ഫയൽ ചെയ്തതെന്ന് ഹൈക്കോടതിയിലെ ഹർജിക്കാരനായ അഡ്വ. കെ.എം. ഷാജഹാന്റെ അഭിഭാഷകനോട് ജസ്റ്റിസ് മോഹന ചോദിച്ചു. ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കുന്നതിന് മുൻപ് തന്നെ സംസ്ഥാന വിജിലൻസ് തിടുക്കപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വിവരവും സംസ്ഥാനം കോടതിയെ അറിയിച്ചു.

.

എന്നാൽ, വിജയ് മദൻലാൽ ചൗധരി കേസിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം നിയമപരമായി ശരിയാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഹർജിക്കാരന്റെ അഭിഭാഷകൻ സ്വീകരിച്ചത്. ഇ.ഡിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സോഹെബ് ഹുസൈൻ, എക്സാലോജിക്-സിഎംആർഎൽ കമ്പനികളുടെ ഇടപാടുകളിൽ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചു. പ്രഥമദൃഷ്ട്യാ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനാലാണ് പി.എം.എൽ.എ സെക്ഷൻ 66(2) പ്രകാരം സംസ്ഥാനത്തിന് വിവരങ്ങൾ കൈമാറിയതെന്നും, ടി. വീണയും മുൻ മന്ത്രിയായ ഭർത്താവും വിദേശത്തേക്ക് വൻതോതിൽ പണം കടത്തിയെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.

നേരത്തെ ഒക്ടോബർ 16-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് അറസ്റ്റ് അടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ധാർത്ഥ് ലൂത്ര കേസ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് മുന്നിൽ അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദസറ അവധിക്ക് ശേഷം ഒക്ടോബർ 26-നോ 27-നോ കേസ് പരിഗണിക്കാമെന്ന് വ്യക്തമാക്കിയെങ്കിലും, ലൂത്രയുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് അവധിക്കാല പ്രത്യേക ബെഞ്ചിന് വിടുകയായിരുന്നു. "ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന് നിയമപരിരക്ഷ ലഭിക്കണം, അതാണ് ആശങ്ക. അല്ലെങ്കിൽ 82 വയസ്സുള്ള ഒരു വ്യക്തി കസ്റ്റഡിയിലാകും," എന്നായിരുന്നു അന്ന് ലൂത്ര ഉയർത്തിയ വാദം. സഹപ്രതികളായ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരനും വാദമുഖങ്ങൾ നിരത്തി.

കേസിന്റെ നാൾവഴി:

അഡ്വ. കെ.എം. ഷാജഹാൻ നൽകിയ റിട്ട് ഹർജിയിലാണ് അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിജിലൻസിന് നിർദ്ദേശം നൽകിയത്. ഇ.ഡി സെക്ഷൻ 66(2) പ്രകാരം വിവരം കൈമാറിയാൽ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് നിരീക്ഷണം. ഇതിനെതിരെ ഒക്ടോബർ 15-ന് പിണറായിയും കുടുംബവും നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.

2017 മുതൽ 2020 വരെയുള്ള കാലയളവിൽ യാതൊരു സേവനവും നൽകാതെ സിഎംആർഎൽ കമ്പനി വീണയുടെ എക്സാലോജിക് സൊല്യൂഷൻസിന് പ്രതിമാസം തുകകൾ കൈമാറിയെന്നതാണ് കേസ്. ആഗസ്റ്റ് 19-ന് കേസിൽ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ഇ.ഡി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. തുടർന്ന് സെപ്റ്റംബർ 7-ന് പിണറായി വിജയൻ, വീണ, റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകി. എന്നാൽ സംഭവം ക്രൈംബ്രാഞ്ചിന് വിടാനും പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്താനുമായിരുന്നു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. ഇതിനിടയിലാണ് സിംഗിൾ ബെഞ്ച് നേരിട്ട് എഫ്.ഐ.ആർ ഇടാൻ നിർദ്ദേശിച്ചതും അത് സുപ്രീം കോടതി വരെയുള്ള നിയമപോരാട്ടത്തിലേക്ക് വഴിമാറിയതും

In a major relief to Pinarayi Vijayan, his daughter T. Veena, and son-in-law and Minister P.A. Muhammad Riyas, the Supreme Court has stayed the Vigilance inquiry directed by the Kerala High Court in the CMRL–Exalogic monthly payoff case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പാംബ്ലയിലെ 18-കാരിയുടെ കൊലപാതകം: നിർണായക വഴിത്തിരിവ്; മൃതദേഹം കത്തിക്കാൻ സഹായിച്ച പ്രതിയുടെ സഹോദരൻ പിടിയിൽ

ഇത്തിഹാദ് റെയിലില്‍ കയറാം; 1 മണിക്കൂര്‍ 10 മിനിറ്റ്, കുറഞ്ഞ ചെലവില്‍ ദുബൈയില്‍ നിന്ന് ഫുജൈറയിലെത്താം

'സഞ്ജു -അഭിഷേക് സഖ്യം സ്‌ട്രോങ്'; വൈഭവിന് തത്കാലം അവസരമില്ലെന്ന് ശ്രേയസ്

'അവരുടെ 'സ്വന്തം' സ്ത്രീകള്‍ പോലും എനിക്കൊപ്പം; ആര്‍എസ്എസ് പുരുഷ കേന്ദ്രീകൃതം'; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി