കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 84 വയസ്സായിരുന്നു.
സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി ടുബാക്കോ വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്ണോത്തുംചാല്‍ ഡിവിഷന്‍ സെക്രട്ടറിയായാണ് പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗം, ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് 'മിസ' പ്രകാരം ഇരുപത് മാസം ജയിലിലായി. വിവിധ കാലയളവില്‍ രണ്ടുവര്‍ഷത്തോളം വേറെയും ജയിലില്‍ കഴിഞ്ഞു. 1955-56ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1964ല്‍ സിപിഎം രൂപം കൊണ്ടതുമുതല്‍ 78 വരെ കണ്ണൂര്‍ മുനിസിപ്പല്‍ ലോക്കല്‍ സെക്രട്ടറി. 78ല്‍ ജില്ലാ കമ്മിറ്റി അംഗം. 86 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം. 2005ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. 2006ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.
എളയാവൂർ കണ്ണോത്തുംചാലിലെ പരേതരായ കുഞ്ഞിരാമൻ്റെയും കെ പി താലയുടെയും മകനാണ്.കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് മാനേജരായിരുന്ന എ കെ കൗസല്യയാണ് ഭാര്യ. കെ പി സജീവൻ (ഇന്റീരിയർ വർക്ക്ഷോപ്പ് ഉടമ) രാജീവൻ( ബയോഡ്രോപ്പ്സ് വാട്ടർ പ്യൂരിഫയർ എംഡി) ഷമീർ(ഇംഗ്ലണ്ട്) മരുമക്കൾ: ജസിത(അഭിഭാഷക), പ്രീഷ്മ(കണ്ണോത്തുംചാൽ) സംയുക്ത(ഇംഗ്ലണ്ട്)
വൈകുന്നേരം നാല് മണി വരെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് കക്കാട് തുളിച്ചേരി കോർജാൻ സ്കൂളിന് പുറകിലുള്ള വസതിയിലും പൊതുദർശനം.ശനിയാഴ്ച്ച രാവിലെ ഒൻപത് മണിമുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും വൈകുന്നേരം മൂന്ന് മണി മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് ശേഷം നാല് മണിക്ക് പയ്യാമ്പലത്ത് സംസ്കാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates