തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് ഇ ഡി നോട്ടീസ് അയച്ച സംഭവത്തില്‍ അകലം പാലിച്ച് സിപിഎം നേതാക്കള്‍. വിഷയം നിയമപരമായി വീണ തന്നെ നേരിടട്ടെയെന്ന സമീപമാണ് നേതാക്കള്‍ സ്വീകരിക്കുന്നത്. അന്വേഷണം നടക്കട്ടെയെന്നും നിയമപരമായി തന്നെ വീണ മുന്നോട്ടുപോകട്ടെയെന്നുമാണ് സിപിഎം രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് ഡല്‍ഹിയില്‍ പ്രതികരിച്ചത്. എസ്എഫ്‌ഐഒക്ക് എല്ലാ വിവരവും നേരത്തെ തന്നെ വീണ കൈമാറിയിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.
വിവിധ പാര്‍ട്ടികളിലുള്ള നേതാക്കള്‍ക്ക് സിഎംആര്‍എല്‍ പണം നല്‍കിയെന്ന ആരോപണത്തിലും അന്വേഷണം നടക്കട്ടെയെന്ന നിലപാടാണ് സിപിഎം എംപി സ്വീകരിച്ചത്. കമ്പനിയുടെ രാഷ്ട്രീയ സംഭാവനകളില്‍ വിശദമായ അന്വേഷണം നടക്കട്ടെ. സംഭാവന കിട്ടിയെന്ന് പറയുന്നവര്‍ അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്തിയോ? തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതിരിക്കുന്നതല്ലേ വലിയ തെറ്റെന്നും ബ്രിട്ടാസ് ചോദിച്ചു.
കാര്യങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യാനുള്ള ശേഷി വീണയ്ക്കുണ്ടെന്നും പാര്‍ട്ടി അഭിപ്രായം പറയേണ്ടതില്ലെന്നുമാണ് മുതിര്‍ന്ന സിപിഎം നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞത്. കേസ് വീണക്കെതിരെയാണെന്നും പാര്‍ട്ടിക്കെതിരെ അല്ലെന്നുമാണ് കെ കെ ശൈലജ പ്രതികരിച്ചത്. ഇ ഡി വിളിപ്പിച്ചെങ്കില്‍ വീണ ഹാജരായി രേഖകള്‍ നല്‍കട്ടെ. പാര്‍ട്ടിക്കോ പ്രതിപക്ഷ നേതാവിനോ ഒന്നും ചെയ്യാനില്ലെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ ഇ ഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ അക്രമ സംഭവമുണ്ടായതില്‍ പാര്‍ട്ടി വിമര്‍ശനം നേരിട്ടിരുന്നു. പിണറായിക്ക് കേസുമായി ബന്ധമില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തിന് പ്രതിഷേധിക്കണമെന്ന ചോദ്യവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാതെ വിട്ടുനില്‍ക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വീണ ഉള്‍പ്പെടെ 9 പേര്‍ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമന്‍സ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെഎസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ എന്നിവരും സമന്‍സ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.
സിഎംആര്‍എല്ലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറാനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. രേഖകള്‍ കൈമാറുന്നതിനെതിരായ സിഎംആര്‍എല്‍ എതിര്‍പ്പ് തള്ളിയായിരുന്നു കോടതി നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates