കൊച്ചി: സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതില്‍ ഖേദം പ്രകടിച്ച് സിആര്‍ മഹേഷ് എംഎല്‍എ. സിആര്‍ മഹേഷും കായിക മന്ത്രി ഒ ജെ ജനീഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജെയ്‌സണ്‍ ജെയിംസുമാണ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ നിയമങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ക്ഷമാപണ കുറിപ്പ്.
'സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം ആണ്. എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പിഴവ് ഉണ്ടായി. ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. പലര്‍ക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളില്‍ പിഴവ് ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും അങ്ങനെ ഉണ്ടാകുവാന്‍ പാടില്ല -എംഎല്‍എ ഫെയ്‌സ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവ് ചെയ്യുന്ന ജെയ്‌സണ്‍ ജെയിംസ് തനിയെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഡ്രൈവ് ചെയ്ത ജെയ്‌സണും കൂടെ മുന്‍സീറ്റിലിരുന്ന കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സിനിമ പാട്ടിന്റെ പശ്ചാത്തല സംഗീതം ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും റീല്‍സായി പോസ്റ്റ് ചെയ്യുകയായിരുന്നു.
ജനപ്രതിനിധികളും ഭരണഘടനാ പദവിയിലുള്ളവരും ഉള്‍പ്പെട്ട നിയമലംഘന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചു. സംഭവം വിവാദമായതോടെ ജെയ്‌സണ്‍ ജെയിംസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വീഡിയോ നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ദൃശ്യങ്ങള്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു.
സിആര്‍ മഹേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ...
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം ആണ്.എന്റെ ഭാഗത്തു നിന്നും അങ്ങനെ ഒരു പിഴവ് ഉണ്ടായി.
പലര്‍ക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളില്‍ പിഴവ് ഉണ്ടാവാറുണ്ട്.
പ്രതേകിച്ചു ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും അങ്ങനെ ഉണ്ടാകുവാന്‍ പാടില്ല.
ഞാന്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയില്‍ പോകുന്ന വഴിക്കാണ് പിഴവ് സംഭവിച്ചതെന്ന് ഞാന്‍ ഓര്‍ക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് ഇങ്ങനെയുള്ള കേസുകളുടെ എല്ലാം പിഴഅടച്ചു എന്നതാണ് എന്റെ ഓര്‍മ്മ.
ഇല്ല എങ്കില്‍ പിഴ അടക്കുവാനും തെറ്റ് ആവര്‍ത്തിക്കാതെ ഇരിക്കാനും ശ്രദ്ധിക്കുന്നതാണ്.
ഈ സംഭവം വിഷ്വല്‍ മീഡിയകളില്‍ വാര്‍ത്ത വന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ആയതിനാല്‍ ഈ സംഭവത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് നന്ദിയും രേഖപ്പെടുത്തുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates