ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ടതിനു പിന്നാലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാനൊരുങ്ങുന്നു. പാര്‍ട്ടി വിടാനൊരുങ്ങുന്നവര്‍ സിപിഐ പ്രാദേശിക നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. അതേസമയം കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയാന്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് സിപിഎം നീക്കം.
എന്നാല്‍ പാര്‍ട്ടി വിട്ട നേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ നടപടിയെടുത്തിരുന്നുവെന്നും വിഭാഗീയത വെച്ചുപുലര്‍ത്തുന്ന കൂടുതല്‍ പേര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും ഏരിയ സെക്രട്ടറി സി.ബി. ബ്രീവന്‍ വ്യക്തമാക്കി. ഏരിയ കമ്മിറ്റി അംഗമായിരുന്ന തോമസ് പൈലി സിപിഎമ്മില്‍ നിന്ന് രാജിവെച്ച് സിഎംപിയിലാണ് ചേര്‍ന്നത്. മുന്‍പ് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള തോമസ് പൈലിക്ക് മന്ത്രി സി.പി. ജോണ്‍ പാര്‍ട്ടി അംഗത്വം നല്‍കി.
കാവാലം കുന്നമ്മ മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഡി. വിനോദ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോളാണ് വിനോദിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍ ഈ രണ്ടു നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി വളരെ നേരത്തെ തന്നെ നടപടിയെടുത്തിരുന്നു എന്നാണ് ഏരിയ സെക്രട്ടറി ബ്രീവന്‍ നല്‍കുന്ന വിശദീകരണം.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലയിലെ പാര്‍ട്ടിയിലെ വിഭാഗീയതയും ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും കുട്ടനാട്ടില്‍ അത് പൂര്‍ണ്ണമായും പ്രായോഗികമായിട്ടില്ലെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം കുട്ടനാട്ടില്‍ നടന്ന സംഘടനാ ചര്‍ച്ചകളില്‍ നിന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായി വിട്ടുനിന്നിരുന്നു. നേതൃത്വത്തിലെ ചിലരുമായുള്ള പ്രാദേശിക ഭിന്നതയാണ് ഇതിന് കാരണം.
ഇതിനിടെ, കുട്ടനാട്ടിലെ ഒരു ജില്ലാ നേതാവിനെ ഉന്നം വെച്ച് പ്രാദേശിക നേതാവ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ കുറിപ്പിനോട് യോജിച്ചും വിയോജിച്ചും ഒട്ടേറെ പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്. പ്രസ്തുത പ്രാദേശിക നേതാവ് കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
നേരത്തെ കുട്ടനാട്ടില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് രാമങ്കരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇതിന് പുറമെ, കര്‍ഷകത്തൊഴിലാളി യൂണിയനില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം നടത്തുന്ന അനാവശ്യ ഇടപെടലുകളില്‍ കടുത്ത അമര്‍ഷമുള്ള ഒട്ടേറെ അംഗങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരും വരുംദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates