കൊച്ചി: ജോലിയിലും പഠനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളുടെ അനുപാതത്തില്‍ രാജ്യത്ത് ഒന്നാമത് എറണാകുളം ജില്ല. ഇവിടെ പത്തില്‍ ഒന്‍പതുപേരും ഏതെങ്കിലും ജോലിയിലോ പഠനത്തിലോ പരിശീലനത്തിലോ പങ്കാളികളാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ കുടുതല്‍ ജനസംഖ്യയുള്ള നൂറ് ജില്ലകളില്‍ തൊഴില്‍ വിദ്യാഭ്യാസപരീശിലനം എന്നിവയില്‍ ഏര്‍പ്പെടാത്ത യുവാക്കളുടെ അനുപാതം (നീറ്റ്) അടിസ്ഥാനപ്പെടുത്തിയാണ് കണക്കുകള്‍.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ സര്‍വേ പ്രകാരം, 15-29 വയസ്സിനിടയിലുള്ളവരുടെ എറണാകുളത്തെ നീറ്റ് നിരക്ക് 9.6 ശതമാനമാണ്. കേരളത്തിന്റെ മൊത്തത്തിലുള്ള നീറ്റ് നിരക്ക് 21.5 ശതമാനമാണ്. സംസ്ഥാനത്ത് മലപ്പുറത്താണ് ഈ നിരക്ക് ഏറ്റവും കൂടുതല്‍, തൃശൂര്‍ 17.8, കോഴിക്കോട് 19.3, തിരുവനന്തപുരം 21.3, ആലപ്പുഴ 22.2, കണ്ണൂര്‍ 23.0, പാലക്കാട് 23.8, കാസര്‍കോട് 25.8, കൊല്ലം 28.5 എന്നിങ്ങനെയാണ്.
ദേശീയ തലത്തില്‍ കോയമ്പത്തൂരാണ് എറണാകുളത്തിന് തൊട്ടുപിന്നില്‍ (14.5 ശതമാനം). മൂന്നാമത് 15 ശതമാനവുമായി ബംഗളൂരുവുമാണ്. 17.8 ശതമാനം നിരക്കുമായി തൃശൂരും മികച്ച 10 ജില്ലകളുടെ പട്ടികയില്‍ ഇടംനേടി. ഇതോടെ കേരളത്തില്‍ നിന്ന് രണ്ട് ജില്ലകള്‍ ഈ പട്ടികയിലുണ്ട്. രാജ്യത്തുടനീളം 45.9 ശതമാനം ജില്ലകളിലും നീറ്റ് നിരക്ക് 20-നും 30-നും ഇടയിലാണ്. 23.7 ശതമാനം ജില്ലകളില്‍ ഇത് 30 ശതമാനത്തിന് മുകളിലാണ്. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും വൈവിധ്യമാര്‍ന്ന സമ്പദ്വ്യവസ്ഥയുമാണ് എറണാകുളത്തിന്റെ ഈ നേട്ടത്തിന് കാരണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ ലേഖ ചക്രവര്‍ത്തി പറയുന്നു.
'കൊച്ചയില്‍ പ്രൊഫഷണല്‍, സാങ്കേതിക, പാരാമെഡിക്കല്‍ കോഴ്സുകളിലെ ഉയര്‍ന്ന പ്രവേശനം നിരവധി യുവാക്കളെ വിദ്യാഭ്യാസ രംഗത്ത് നിലനിര്‍ത്തുന്നു. ഇവിടുത്തെ തുറമുഖം, ലോജിസ്റ്റിക്സ് മേഖല, ഐ.ടി വ്യവസായം, ആരോഗ്യം, ടൂറിസം, ചില്ലറ വില്‍പ്പന, ഗിഗ് ഇക്കോണമി എന്നിവ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വലിയ അവസരങ്ങളാണ് നല്‍കുന്നത്,' അവര്‍ പറഞ്ഞു.
എറണാകുളത്തിന്റെ പ്രകടനം യുവാക്കളും സാമ്പത്തിക അവസരങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകനുമായ എംപി. ജയേഷ് പറയുന്നു. 'എറണാകുളത്തിലെ യുവാക്കള്‍ തൊഴില്‍മേഖലയിലേക്ക് കടന്നുവരുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നുണ്ടെങ്കിലും, അത് ഒരുഭാഗം മാത്രമാണ്. ബിരുദധാരികളായ പല യുവാക്കളും അവരവരുടെ യോഗ്യതക്കനുസരിച്ചുള്ളതല്ലാത്ത, കുറഞ്ഞ ശമ്പളമുള്ള, ഭാവിയില്ലാത്ത ജോലികളില്‍ കുടുങ്ങിക്കിടക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ കുറഞ്ഞ നിഷ്ക്രിയ നിരക്ക് മറച്ചുപിടിക്കുന്നു. യഥാര്‍ത്ഥ ലക്ഷ്യം യുവാക്കള്‍ക്ക് എന്തെങ്കിലും ജോലി നല്‍കുക മാത്രമല്ല; മറിച്ച് അവര്‍ക്ക് ന്യായമായ ശമ്പളവും വളരാനുള്ള ഇടവും ഭാവി കെട്ടിപ്പടുക്കാന്‍ കഴിയുന്ന ജോലിയും ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്,' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates