E P Jayarajan 
Kerala

'പിണറായി പവര്‍ഫുള്‍ !, പ്രായം കൂടുംതോറും കര്‍മ്മശേഷി കൂടുന്നു'; വാനോളം പുകഴ്ത്തി ഇപി ജയരാജന്‍

ഒരാളല്ല പാര്‍ട്ടിയെന്നു പറയുന്നത്. പാര്‍ട്ടിക്ക് കൂട്ടായ നേതൃത്വമാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സിപിഎം നേതാവ് ഇ പി ജയരാജന്‍. പ്രായം കൂടുംതോറും പിണറായിയുടെ കര്‍മ്മശേഷി കൂടുകയാണ്. പിണറായി പവര്‍ഫുള്‍ ആണ്. ഈ പ്രായത്തിലും അദ്ദേഹം ചെയ്യുന്ന കര്‍മ്മങ്ങളെക്കുറിച്ച് ആലോചിക്കൂ. പവര്‍ഫുള്‍ ലീഡര്‍ഷിപ്പാണത്. പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. എന്നാല്‍ വിമര്‍ശനങ്ങളെന്ന പേരില്‍ നടക്കുന്നത് വ്യക്തിഹത്യയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഒരാളല്ല പാര്‍ട്ടിയെന്നു പറയുന്നത്. പാര്‍ട്ടിക്ക് കൂട്ടായ നേതൃത്വമാണുള്ളത്. അതില്‍ പിണറായി വിജയന്റെ കഴിവും പ്രാപ്തിയും അനുഭവങ്ങളും അമൂല്യ സമ്പത്താണ്. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ല. പിണറായി മാറണമെന്ന ചര്‍ച്ച പിബിയില്‍ നടന്നുവെന്ന് പറയുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ മാനസിക സങ്കല്‍പ്പത്തിലെത്തി റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയത്. അത്തരത്തിലൊരു സര്‍ക്കാര്‍ ജനവിധിയില്‍ പരാജയപ്പെടുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ലാത്തതാണ്. പക്ഷെ പരാജയപ്പെട്ടു. അതു സംബന്ധിച്ച് പാര്‍ട്ടി വളരെ സമഗ്രമായ പരിശോധന നടത്തും. എന്തുകൊണ്ട് തോല്‍വിയുണ്ടായെന്ന് പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും നടപടികളും സ്വീകരിക്കും. അങ്ങനെ തിളക്കമുള്ള ഒരു പാര്‍ട്ടിയാക്കി മാറ്റുക എന്നതാണ് ഇന്ന് സിപിഎമ്മിന്റെ മുന്നിലുള്ള ലക്ഷ്യം. ഇ പി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രായപരിധി ബാധകമാണ്. ആ പ്രായപരിധി നിശ്ചയിക്കുന്നത് ഒരു കമ്മിറ്റിയാണ്. എല്ലാ അധികാരങ്ങളും ആ കമ്മിറ്റിക്കുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന് പോയിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വാദം ഇപി ജയരാജന്‍ തള്ളി. അങ്ങനെ ഒരു കണ്ണൂര്‍ ഘടകവും പറഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങളിലുള്ളവര്‍ സിപിഎമ്മിനും വോട്ടു ചെയ്തിട്ടുണ്ട്. ആരുടെ വോട്ടെന്ന് ഏതെങ്കിലും ഒരാള്‍ക്ക് പറയാന്‍ സാധിക്കുമോയെന്ന് ഇപി ജയരാജന്‍ ചോദിച്ചു. പല കാരണങ്ങളാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ലെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടത് ആദ്യമായിട്ടൊന്നുമല്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 17 സീറ്റ് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ ജയവും പരാജയവുമുണ്ടാകും. സിപിഎമ്മിനെ സംബന്ധിച്ച് പുതിയ അനുഭവമൊന്നുമല്ല. തെരഞ്ഞെടുപ്പില്‍ സഖാക്കള്‍ മാറ്റിക്കുത്തിയോ എന്ന് പരിശോധിച്ച് കണ്ടുപിടിക്കേണ്ടതാണ്. നാട്ടിലുള്ള മുഴുവന്‍ ആളുകളും സഖാക്കളാണെന്ന് പറയാന്‍ കഴിയുമോയെന്നും ഇപി ജയരാജന്‍ ചോദിച്ചു. തളിപ്പറമ്പ് അടക്കം എല്ലാ മണ്ഡലങ്ങളിലും ജയിക്കുമെന്ന പ്രതീക്ഷയായിരുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു.

CPM leader EP Jayarajan praises Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തീകരിക്കണം; കോടതിയുടെ കര്‍ശന നിര്‍ദേശം

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു; ബം​ഗളൂരുവിൽ വൻ അപകടം ഒഴിവായി

മലയിടംതുരുത്ത് ഒഴിപ്പിക്കൽ ശനിയാഴ്ച പൂർത്തീകരിക്കണം, 13-ാം നമ്പർ‌ കാർ കെ എം ഷാജിക്ക്, നീറ്റിൽ വീഴ്ച സംഭവിച്ചെന്ന് എൻടിഎ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഇന്ത്യന്‍ എഡിസനായി' മാധവന്‍; 'ജിഡിഎന്‍' തിയേറ്ററുകളിലേക്ക്

പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതികള്‍ക്കെതിരെയുള്ള വ്യോമയാന വകുപ്പ് ഒഴിവാക്കി; റിപ്പോര്‍ട്ട് കോടതിയില്‍

SCROLL FOR NEXT