തിരുവനന്തപുരം: വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരമാക്കുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസന പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കുന്ന എല്ലാവര്ക്കും സംതൃപ്തി നല്കുന്ന പുനരധിവാസ പാക്കേജാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന പദ്ധതിയില്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ 20,808 വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ പ്രശ്നങ്ങളില്‍ ക്രിയാത്മക നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കാണാതെയുള്ള വികസനമല്ല നടപ്പാക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ലൈഫ് പദ്ധതികളുടെ ഗുണഫലം വലിയ തോതില്‍ നല്കാന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 2,95,066 വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കി. അടുത്ത ഒരു മാസംകൊണ്ടുതന്നെ ഇതു മൂന്നു ലക്ഷം കടക്കും.
ലൈഫ് പദ്ധതി നടപ്പാക്കിയതിലൂടെ വീടില്ലാതിരുന്ന മൂന്നു ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നതിന്റെ സന്തോഷത്തിലാണ്. വീട് ജീവിതത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്വപ്നമെന്നു കരുതിയിരുന്നവര്‍പോലുമുണ്ട്. കഠിനംകുളം വെട്ടുതുറയിലെ ഐഷാ ബീവിയുടേയും അമറുദ്ദീന്റെയും മക്കളുടേയും വീടിന്റെ താക്കോല്‍ കൈമാറിയപ്പോള്‍ അവരുടെ കണ്ണുകളില്‍ ഈ തിളക്കം കാണാന്‍ കഴിഞ്ഞു.
ലൈഫ് പദ്ധതിയിലെ ആദ്യ ഗുണഭോക്തൃ പട്ടിക പൂര്‍ത്തിയാക്കുന്നതോടെ പുതിയ കുടുംബങ്ങള്‍ക്കു വീടു നല്‍കാനുള്ള പദ്ധതിയിലേക്കു കടക്കും. അതിന്റെ ഗുണഭോക്തൃ പട്ടിക അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണ്. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനു കൂടുതല്‍ ഭൂമി ആവശ്യമുള്ളതിനാല്‍ കൂടുതല്‍ പേര് പദ്ധതിയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കേരളത്തിലെ പാര്‍പ്പിട സൗകര്യങ്ങള്‍ വര്‍ധിക്കുന്നതും പാവപ്പെട്ടവര്‍ക്കു വീടില്ലാത്ത അവസ്ഥയ്ക്കു പരിഹാരം കാണുന്നതും വികസനത്തിന്റെ ഭാഗമായി കാണാത്തവരുണ്ട്. ഇതു വികസനത്തിന്റെ സൂചികതന്നെയാണ്. വികസനത്തിന്റെ സ്വാദ് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രം അനുഭവിച്ചാല്‍പോര. നാട്ടിലെ എല്ലാവര്ക്കും അത് അനുഭവിക്കാനാകണം. സര്‍വതലസ്പര്‍ശിയും സാമൂഹിക നീതിയിലധിഷ്ഠിതവുമായി വികസനം സാധ്യമാകുന്നത് അപ്പോഴാണ്. ഇതിനൊപ്പം വന്‍കിട, ചെറുകിട പദ്ധതികള്‍ പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ നടക്കുകയും ചെയ്യണം.
നടക്കില്ലെന്നു കരുതിയ പല പദ്ധതികളും ഇപ്പോള്‍ യാഥാര്‍ഥ്യമായി നമ്മുടെ കണ്മുന്നിലുണ്ട്. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ദേശീയപാത വികസനത്തിനു കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ഥലമേറ്റെടുപ്പിന്റെ വേണ്ടിവന്നു. സ്ഥലമെടുത്തതിന്റെ പേരില്‍ ആരും വഴിയാധാരമായിട്ടില്ല. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നാല്‍ കഷ്ടനഷ്ടം അനുഭവിക്കേണ്ടിവരില്ലെന്നതു നാടിന്റെ അനുഭവമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം 'അമ്പലത്തിൽ വേണ്ട, അമ്മമാരുടെ മുന്നിൽ മതി'; ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയാവുന്നു, ചടങ്ങ് വൃദ്ധ സദനത്തിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates