കൊച്ചി: കക്ഷി രാഷ്ട്രീയ ഭേദമെന്യേ തനിക്കു വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പേരാമ്പ്ര എംഎല്‍എയും മുസ്ലിം ലീഗിന്റെ യുവ നേതാവുമായ ഫാത്തിമ തഹിലിയ. വിജയത്തിനു ശേഷവും എല്ലാ വിഭാഗങ്ങളില്‍ നിന്നും തനിക്കു പിന്തുണ ലഭിച്ചതായി ഫാത്തിമ തഹിലിയ പറഞ്ഞു. കഴിഞ്ഞ തവണ നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍ പരാജയപ്പെട്ടത് മതസംഘടനകളുടെ എതിര്‍പ്പു കാരണമാണെന്ന വിലയിരുത്തലിനോട് വിയോജിപ്പുണ്ടെന്നും സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ ഫാത്തിമ പറഞ്ഞു. അഭിമുഖത്തില്‍നിന്ന്:
നൂര്‍ബിന റഷീദ് കഴിഞ്ഞ തവണ കോഴിക്കോട് സൗത്തില്‍ മത്സരിച്ചപ്പോള്‍ മതസംഘടനകളുടെ എതിര്‍പ്പ് അവരുടെ തോല്‍വിക്ക് ഒരു കാരണമായി എന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഇത്തവണ അത്തരം എതിര്‍പ്പുകളെ മറികടക്കാന്‍ കഴിഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്?
കക്ഷിരാഷ്ട്രീയഭേദമെന്യേയാണ് എനിക്ക് പേരാമ്പ്രയില്‍നിന്ന് വോട്ടുകള്‍ വന്നിട്ടുള്ളത്. നൂര്‍ബിനാ റഷീദിന്റെ പരാജയത്തിന് പറയപ്പെടുന്ന ഈ കാരണത്തില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നെ സംബന്ധിച്ചിടത്തോാളം എനിക്ക് എല്ലാ വിഭാഗങ്ങളുടേയും വോട്ട് ലഭിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരാന്‍ വലിയ കഷ്ടപ്പാടുണ്ട്. അതിനു പുറമെയാണ് മുസ്ലിം/ദളിത് എന്നൊക്കെയുള്ള സ്വത്വങ്ങളും. ഇതിനെ എങ്ങനെയാണ് മറികടക്കുന്നത്?
പുതിയകാലത്ത് അത് വലിയൊരു പ്രശ്‌നമാണ്. ഹിജാബിയായിട്ടുള്ള ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ പോവുക എന്നു പറഞ്ഞാല്‍ സാധാരണ ഒരു സ്ത്രീ മത്സരിക്കാന്‍ പോവുന്നത് പോലെയല്ല. സ്ത്രീകള്‍ മത്സരിക്കാന്‍ പോവുന്നതേ ബുദ്ധിമുട്ടാണ്. അവിടെ ഒരു മുസ്ലിം സ്ത്രീ മത്സരിക്കുക അതിനേക്കാള്‍ ബുദ്ധിമുട്ടാണ്. പക്ഷേ, നമ്മള്‍ പെട്ടെന്ന് വന്ന് മത്സരിക്കുകയല്ലല്ലോ, ഇന്നലെകളില്‍ കിട്ടിയ ഒരുപാട് പാഠങ്ങളുണ്ട്. അത് ഇതിനെയൊക്കെ മറികടക്കാന്‍ സഹായിച്ചിട്ടുണ്ട്.
മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ നമ്മള്‍ സെക്യുലറാണ് എന്ന് നിരന്തരം കാണിച്ച് കൊടുക്കേണ്ടിവരും. മറ്റുള്ളവര്‍ക്ക് കിട്ടുന്ന പ്രിവിലേജുകളൊന്നും നമുക്കു കിട്ടില്ല. അതൊരു സത്യാവസ്ഥയാണ്. നമ്മള്‍ കൊണ്ടുനടക്കുന്ന മതേതര ആശയങ്ങള്‍ ഇന്നത്തെ ഫാസിസ്റ്റ് കാലത്ത് ആളുകളുടെ ഇടയില്‍ പ്രതിഫലിപ്പിക്കേണ്ടിവരുന്നത് വളരെ ഖേദകരമായ അവസ്ഥയാണ്.
നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും 10 ശതമാനത്തില്‍ താഴെയാണ്?
സ്ത്രീ പ്രാതിനിധ്യം ഇതു പോര. ഇന്നത്തെ കാലത്ത് ആളുകളെ കിട്ടാത്ത സാഹചര്യമില്ല. സംവരണമൊക്കെ വന്നതോടെ കഴിവുള്ള ഒരുപാട് സ്ത്രീകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരട്ടെ. അത് കാലത്തിനനുസരിച്ച് മാറ്റമുണ്ടാക്കും. സ്ത്രീകള്‍ക്ക് ആളുകളുമായി ആഴത്തില്‍ ഇമോഷണലി കണക്ട് ചെയ്യാന്‍ പറ്റും. അത് ഗവേണന്‍സില്‍ മാറ്റം കൊണ്ടുവരും.
പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു ഐക്കണായി മാറിയോ ഇപ്പോള്‍?
നിയമസഭയില്‍നിന്ന് സത്യപ്രതിജ്ഞ കഴിഞ്ഞപ്പോള്‍ ഞാനെന്റെ വണ്ടിയെടുത്താണ് പുറത്തേയ്ക്ക് വന്നത്. പലരും ഇതെന്താ ഇങ്ങനെ എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, നമ്മള്‍ മനസ്സിലാക്കേണ്ടത് പൊളിറ്റിക്‌സില്‍ ഒന്നും ഈസിയല്ല എന്നതാണ്. ഇന്നത്തെ സാഹചര്യം ആയിരിക്കില്ല നാളെയുണ്ടാവുക. നാളെ നാളത്തെ ചലഞ്ച് ഉണ്ടാവും. ആ വെല്ലുവിളികളെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്. എന്നെ സംബന്ധിച്ച് ഒരു വണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വളരെ അത്യാവശ്യമായി തോന്നിയിരുന്നു. അത് ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് നേടിയെടുത്തതും. എന്റെ സ്വന്തം പേരില്‍ ഒരു വണ്ടി. വീട്ടുകാരുടെ പിന്തുണപോലും ഉണ്ടാവരുത് എന്നു ചിന്തിച്ച് എന്റെ കയ്യിലുള്ളതെല്ലാം കൂട്ടിയെടുത്താണ് ഞാനത് വാങ്ങുന്നത്. പിന്നീട് എന്റെ യാത്രകളും ചിന്തകളുമെല്ലാം ആ വണ്ടിയുമായി ബന്ധപ്പെട്ടിട്ടാണ്. അതിനുമുന്‍പ് ഞാന്‍ നടത്തിയ ഒരു സ്ട്രഗിള്‍ ഉണ്ട്. പാതിരായ്ക്ക് വീട്ടിലേക്ക് കയറിവരുമ്പോള്‍ എന്റെ പാരന്റ്സിന്റെ മുഖം എനിക്കു പേടിയായിരുന്നു. രാഷ്ട്രീയ പരിപാടികളൊക്കെ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മനസ്സിലുള്ള ഏറ്റവും വലിയ ടെന്‍ഷന്‍ വീട്ടുകാരുടെ മുഖമായിരുന്നു. അതിനെയൊക്കെ അതിജീവിക്കേണ്ടിവന്നു. മറ്റൊരു തരത്തിലുള്ള ഒരു സ്വാതന്ത്ര്യം എനിക്ക് ഫീല്‍ ചെയ്തത് ഞാന്‍ വണ്ടി സ്വന്തമാക്കിയപ്പോഴാണ്. അതൊക്കെ ഏതെങ്കിലും തരത്തില്‍ ആളുകള്‍ക്ക് പ്രചോദനമാകുന്നുവെങ്കില്‍ ആവട്ടെ എന്നാണ് ഞാന്‍ കരുതുന്നത്.
എല്ലാവരും അവരുടെ ആവശ്യങ്ങള്‍ പറയുകയും സംസാരിക്കുകയും ചെയ്യണം. അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവണം. അതിലൂടെ കളക്ടീവായ തീരുമാനങ്ങള്‍ വരട്ടെ. സ്ത്രീകള്‍ മാത്രമുള്ള വേദികളെ പലരും കളിയാക്കുന്നുണ്ടെങ്കിലും ഏറ്റവും കരുത്തുറ്റ ബന്ധമാണ് സ്ത്രീകള്‍ തമ്മിലുള്ളത്. അത്തരം കൂട്ടായ്മകള്‍ കരുത്താര്‍ജിക്കുന്നു എന്നത് സന്തോഷകരമാണ്. എന്റെ കാര്യമെടുത്താല്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല, എന്റെ കൂടെ നടന്ന ഒത്തരി ആളുകളുണ്ട്. അവരുടെയൊക്കെ സ്ട്രഗിള്‍ കൂടിയാണ് ഇത്. ഒരു സ്ത്രീയുടേയും പോരാട്ടം ഒറ്റയ്ക്കാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതൊരു കളക്ടീവ് എഫേര്‍ട്ട് ആണ്.
എന്റെ വിജയം പല ആളുകളുടേയും വിജയമായി ആഘോഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് മുസ്ലിം പെണ്‍കുട്ടികള്‍ മാത്രമല്ല. ചിന്തിക്കുന്ന, ലിബറല്‍ മനസ്സുള്ള ആളുകള്‍ അവരുടെ വിജയമായിട്ടുകൂടി ഇതിനെ കാണുന്നുണ്ട്. അത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ആര്‍ക്കെങ്കിലും എന്റെ സ്ട്രഗിള്‍ പ്രചോദനമായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. എല്ലാവര്‍ക്കും മുന്നോട്ട് വരാനുള്ള സാഹചര്യം ഉണ്ടാവണം. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ നിയമസഭയില്‍ അവരുടെ പ്രതിനിധിയായിട്ടാണ് ഞാന്‍ ഇരിക്കുന്നത്. അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി കൊടുക്കാനുള്ള ഇടപെടലുകള്‍ എന്റെ ഭാഗത്തുനിന്നും ഉണ്ടാവും. അവരെ പിന്തുണയ്ക്കുക, അവരെ പ്രോത്സാഹിപ്പിക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കുക എന്ന തരത്തിലാണ് എന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ മുന്നോട്ടുകൊണ്ടുപോവുക.
ഫാത്തിമ തഹിലിയയുമായുള്ള അഭിമുഖം പുതിയ ലക്കം മലയാളം വാരികയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates